അജാനൂര്‍ (www.evisionnews.in): ഗ്രാമപഞ്ചായത്തിലെ ഭവനരഹിതരായവര്‍ക്ക് പാര്‍പ്പിടം നല്‍കുക എന്ന ലക്ഷ്യത്തോടെ അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന സ്‌നേഹാലയം പദ്ധതിപ്രകാരം നടപ്പുവര്‍ഷം 25 വീടുകള്‍ നിര്‍മിക്കുന്നു. പഞ്ചായത്തിന്റെ സ്വന്തം ഭവനനിര്‍മ്മാണ പദ്ധതിയാണ് സ്‌നേഹാലയം. ഗ്രാമപഞ്ചായത്തില്‍ ഇന്ദിരാആവാസ് യോജനപ്രകാരം നിര്‍മ്മിക്കുന്ന 46 വീടുകളും സ്‌നേഹാലയം പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന 25 വീടുകളുമടക്കം 71 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഓരോ വിടിനും രണ്ട് ലക്ഷം രൂപ ധനസഹായമാണ് അനുവദിക്കുന്നത്. ഗ്രാമസഭകള്‍ വഴി തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്.
സ്‌നേഹാലയം പദ്ധതിക്ക് കീഴില്‍ നടപ്പിലാക്കുന്ന 25 വീടുകളില്‍ 15 എണ്ണം പൊതുവിഭാഗത്തിനുളളതാണ്. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 14 ലക്ഷം രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്ന് 16 ലക്ഷം രൂപയുമാണ് ഇതിനുവേണ്ടി വകയിരുത്തിയിട്ടുളളത്. പദ്ധതിക്ക് കീഴില്‍ പത്ത് വീടുകള്‍ വനിതകള്‍ക്കുളളതാണ്. ഇതില്‍ അഞ്ച് വീടുകള്‍ക്കുളള ധനസഹായം പ്ലാന്‍ ഫണ്ടില്‍ നിന്നും അഞ്ച് വീടുകള്‍ക്കുളള ധനസഹായം പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്നുമാണ് വകയിരുത്തിയിട്ടുളളത്. ഗ്രാമസഭകള്‍ വഴിയാണ് പദ്ധതിയുടെ വനിതാ ഗുണഭോക്താക്കളെയും തെരഞ്ഞെടുക്കുന്നത്. ഇന്ദിരാ ആവാസ് യോജനക്ക് കീഴില്‍ നിര്‍മ്മിക്കുന്ന 46 വീടുകളില്‍ 12 എണ്ണം ന്യൂനപക്ഷവിഭാഗത്തിനും അഞ്ചെണ്ണം പട്ടികജാതിക്കും മൂന്നെണ്ണം പട്ടികവര്‍ഗ്ഗത്തിനും ഉളളതാണ്.
പഞ്ചായത്തിലെ എല്ലാവര്‍ക്കും വീടൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌നേഹാലയം പദ്ധതിക്ക് തുടക്കം കുറിച്ചത്. വളരെ നല്ല പ്രതികരണമാണ് പദ്ധതിയുടെ ഗുണഭോക്താക്കളില്‍ നിന്നും ലഭിക്കുന്നത്. മാര്‍ച്ച് 31 ഓടെ 71 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി നസീമ പറഞ്ഞു.
Keywords: Kasaragod-ajanoor-house-snehalayam
.jpg)
Post a Comment
0 Comments