കാസര്‍കോട്: വിദ്യാഭ്യാസത്തിനൊപ്പം വിദ്യാര്‍ഥികളില്‍ കായിക ബോധവും വളര്‍ത്തി സമൂഹത്തിന് മാതൃകയാകുന്ന യുവതലമുറയെ വളര്‍ത്തിയെടുക്കാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍. കേരള സംസ്ഥാന ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പത്തോളം ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ഇന്‍ഡിപെന്‍ഡന്‍സ് ട്രോഫി-26 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നൂണ്‍ അരീന ചെര്‍ക്കളയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. ജില്ലാ പൊലീസ് മേധാവി പി. നിധിന്‍രാജ്, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എന്‍.പി. പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പിബി ഷഫീഖ്, ജസ്ന മനാഫ്, ഗോകുലം എഫ്.സി ജൂനിയര്‍ ഗോള്‍ കീപ്പര്‍ മിര്‍സാന്‍, ജൂനിയര്‍ കേരള ഫുട്‌ബോള്‍ താരം ഷഹബാസ് അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
പ്രമുഖ നീന്തല്‍ താരവും കാസര്‍കോട് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുമായ എം.ടി.പി. സൈ ഫുദ്ദീന്‍, ദുബായില്‍ നടന്ന ജപ്പാന്‍ കരാട്ടെ ചാമ്പ്യന്‍ ഷിപ്പില്‍ 14 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ നേട്ടം കൈവരിച്ച അയാല്‍ മജീദ് നെഹ്ലിന്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മൊയ്തു ഗോളിടുക്കം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്‍വര്‍ സാദത്ത്, കോളിയടുക്കം പൃഥ്വിരാജ് ഷെട്ടി, അഡ്വ. നാസിഫ ജലീല്‍, അസ്മിന ഹബീബ്, മഹേഷ്, ലീല, ചെങ്കള പഞ്ചായത്ത് അംഗങ്ങളായ ശുക്കൂര്‍, ഹാരിസ് തായല്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ പാറ, സുകുമാരന്‍ കുതിരപ്പാടി, ജീവനക്കാരന്‍ സുഗുണ കുമാര്‍ പങ്കെടുത്തു.

Post a Comment
0 Comments