കാസര്‍കോട്: പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചിട്ടെന്ന മാധ്യമ വാര്‍ത്തകളില്‍ അടിയന്തരമായി ഇടപെട്ട് ജില്ലാ കലക്റ്റര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിച്ച ജില്ലാ കലക്റ്റര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം പതിവുപോലെ വരുംദിവസങ്ങളിലും തുറന്നു പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) ഡോ. കെ. രേഖയോട് കലക്റ്റര്‍ ആവശ്യപ്പെട്ടു.
അടിയന്തരമായി പകരം ഡോക്ടറെ നിയമിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്ന് മുതല്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി നിയമിതനായ പുതിയ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാകുമെന്നും ഡി.എം.ഒ വ്യക്തമാക്കി. പാണത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ശനിയാഴ്ച വരെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. നിലവിലുള്ള താല്‍ക്കാലിക ഡോക്ടര്‍ രാജിവച്ചതിനെ തുടര്‍ന്ന് പകരം ഡോക്ടര്‍മാര്‍ നിയമിക്കുന്നതിനുള്ള നടപടികള്‍ നടത്തിവരികയായിരുന്നുവെന്നും ഡി.എം.ഒ വ്യക്തമാക്കി.

Post a Comment
0 Comments