കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചിന്റെ മനോഹാരിത ലോകത്തിന് പരിചയപ്പെടുത്താനും ആഭ്യന്തര ടൂറിസത്തിന് പുതിയ ഉണര്‍വേകാനുമായി ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കാസര്‍കോട് നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'കാസര്‍കോട് ബീച്ച് റണ്‍-26' വന്‍ ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. രാവിലെ 6:50-ഓടെ ആരംഭിച്ച ബീച്ച് റണ്ണിന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നേതൃത്വം നല്‍കി. കലക്ടറോടൊപ്പം ഓടിയ വി.വി ചന്ദ്രന്‍ 33 മിനിറ്റും 32 സെക്കന്‍ഡും കൊണ്ട് ഓടിയെത്തി ഒന്നാം സ്ഥാനം നേടി. പി.വി ബിജു രണ്ടാം സ്ഥാനവും അബ്ദുല്‍ റഹിമാന്‍ ഷഹദ് മൂന്നാം സ്ഥാനവും നേടി. മുന്നൂറോളം കായിക പ്രേമികളാണ് ബീച്ച് റണ്ണില്‍ പങ്കെടുത്തത്.
മഴ പെയ്തുകൊണ്ടിരുന്ന പ്രഭാതത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കല്ലട്ര മാഹിന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. ജനകീയമായ പരിപാടികളില്‍ കാസര്‍കോട്ടെ ജനങ്ങളുടെ പങ്കാളിത്തം കാണുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന സ്ഥിരം പരിപാടിയായി ഈ ബീച്ച് റണ്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോടിന് നിരവധി ടൂറിസം സാധ്യതകളുണ്ടെന്നും ടൂറിസം മേഖലയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടപ്പിലാക്കുമെന്നും എം.എല്‍.എ പറഞ്ഞു.
ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നേരിട്ട് പങ്കെടുത്ത് റണ്ണിന്റെ ഭാഗമായി. വരുംദിവസങ്ങളില്‍ ജില്ലയില്‍ കൂടുതല്‍ കായിക വിനോദ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അതില്‍ കൂടുതല്‍ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായും കലക്ടര്‍ പറഞ്ഞു. ടൂറിസം പ്രമോഷനൊപ്പം തന്നെ പങ്കെടുക്കുന്നവരുടെ ആരോഗ്യ സംരക്ഷണവും ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ജാഫര്‍ കമാല്‍, ഹമീദ് ബെദിര, സമീന മുജീബ്, മെഹറുന്നിസ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍, ഡി.ടി.പി.സി പ്രതിനിധികള്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. കാസര്‍കോട് നഗരസഭ വാര്‍ഡ് കൗണ്‍സിലറായ രാമകൃഷ്ണ ഹൊള്ളയും റണ്ണില്‍ നേരിട്ട് പങ്കെടുത്ത് ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.
നെല്ലിക്കുന്ന് ലൈറ്റ് ഹൗസില്‍ നിന്ന് ആരംഭിച്ച് നെല്ലിക്കുന്ന് ബീച്ച്, കസബ ബീച്ച് റോഡ്, പുലിമുട്ട് വഴി മണല്‍പ്പരപ്പിലൂടെ ഏഴു കിലോമീറ്റര്‍ ദൂരം പിന്നിട്ട റണ്‍ വീണ്ടും ലൈറ്റ് ഹൗസില്‍ തന്നെ സമാപിച്ചു. ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാ പങ്കാളികള്‍ ക്കും മെഡലുകള്‍ സമ്മാനിച്ചു. റൂട്ടില്‍ ഉടനീളം പ്രഭാതഭ ക്ഷണവും കുടിവെള്ള വിതരണ കേന്ദ്രങ്ങളും സജ്ജീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ്, പൊലീസ്, ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, കുടുംബശ്രീ, ശുചിത്വ മിഷന്‍ ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പൂര്‍ണ ഏകോപന ത്തോടെയാണ് ബീച്ച് റണ്‍ സംഘടിപ്പിച്ചത്.

Post a Comment
0 Comments