കാസര്‍കോട് (www.evisionnews.co): പരവനടുക്കത്തും പരിസരങ്ങളിലും തെരുവ് നായയുടെ അക്രമണം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് കടിയേറ്റു. കൊമ്പനടുക്കത്തെ കുഞ്ഞിബി (55), അംഗണ്‍വാടി അധ്യാപിക സാവിത്രി (50), ഇല്ലിക്കളയിലെ ഭാവന(12), പരവനടുക്കത്തെ കുഞ്ഞിരാമന്‍ (78) കൈന്താറിലെ കമലാക്ഷി (51), പാലിച്ചിയടുക്കത്തെ വ്യാപാരി ബഷീര്‍(52) എന്നിവരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സ തേടി.
പരവനടുക്കം, പാലിച്ചിയടുക്കം, കൊമ്പനടുക്കം, കൈന്താര്‍ എന്നിവിടങ്ങളിലാണ് തെരുവ് നായ പരാക്രമം കാട്ടിയത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ദേവനന്ദ് (10) എന്ന കുട്ടിയെയും ജോലിക്ക് പോകുകയായിരുന്ന ബേനൂരിലെ മന്‍സൂറിനെ(50)യും നായ കടിച്ചു. വളര്‍ത്തുപൂച്ചയെ കടിക്കാന്‍ ശ്രമിച്ച നായയെ ഓടിക്കാന്‍ ശ്രമിച്ചപ്പോഴാണ് ദേവനന്ദിന് കടിയേറ്റത്. ദേവനന്ദിനെയും മന്‍സൂറിനെയും ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആളുകളെ കടിച്ച നായയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരു വീട്ടിലെവളര്‍ത്തുപട്ടിയേയും ഇതേ നായ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. നായ വിഹാരം തുടരുന്നതിനാല്‍ കുട്ടികള്‍ അടക്കമുള്ളവര്‍ ആശങ്കയിലാണ്. നേരത്തെ കാസര്‍കോട്, മേല്‍പ്പറമ്പ് ഭാഗങ്ങളില്‍ തെരുവ് പട്ടിയുടെ ആക്രമത്തില്‍ 60ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. ജനങ്ങള്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവങ്ങള്‍ പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
Post a Comment
0 Comments