കാസര്‍കോട് (www.evisionnews.co): കാസര്‍കോടിന്റെ ആരോഗ്യമേഖല സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലുകളിലൂടെ മുമ്പെങ്ങുമില്ലാത്ത വിധം വളരെയധികം പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ സംവിധാനം ശക്തമല്ലാതിരുന്ന ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കി വരുന്നത്.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവടങ്ങളില്‍ സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ നികത്തുകയും അത്യാവശ്യമുള്ളിടത്ത് പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കാസര്‍കോട് മെഡിക്കല്‍ കോളേജിനെ ജനങ്ങള്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കുന്ന തരത്തില്‍ ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. ഇതിന്റെ പ്രാരംഭനടപടികളെന്നോണം ആദ്യഘട്ടത്തില്‍ തന്നെ 293 തസ്തികകളാണ് സൃഷ്ടിച്ചത്. ഇതിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ പ്രവേശിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഏറെ താമസിയാതെ ഇത് പൂര്‍ത്തിയാവും. സാധാരണഗതിയില്‍ കുറച്ച് തസ്തികകള്‍ സൃഷ്ടിച്ച് ക്രമേണ എണ്ണം വര്‍ധിപ്പിക്കുകയാണ് ചെയ്യാറുള്ളത്. കാസര്‍കോടിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കിയാണ് ആദ്യഘട്ടത്തില്‍ തന്നെ കൂടുതല്‍ തസ്തികകള്‍ മെഡിക്കല്‍ കോളേജിന് നല്‍കിയത്.
മെഡിക്കല്‍ കോളേജില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ നിരവധി പ്രക്രിയകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ശേഷം മാത്രമേ കേന്ദ്ര അതോറിറ്റി അനുവാദം തരികയുള്ളു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ആരോഗ്യമേഖലയെ ശക്തിപ്പെടുത്താന്‍ കിഫ്ബി വഴി രണ്ടായിരം കോടിരൂപയാണ് ചെലവഴിക്കാന്‍ പോവുന്നത്. മെഡിക്കല്‍ കോളേജിന്റെ മാസ്റ്റര്‍ പ്ലാന്‍ കിഫ്ബിയുടെ മുന്നിലുണ്ട്. വികസനം ഏതെങ്കിലും പ്രത്യേക മേഖലകളില്‍ ഒതുക്കാതെ എല്ലാവര്‍ക്കും പ്രാപ്യമാവുന്ന തരത്തിലേക്കെത്തിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സിഎച്ച്സികളെ താലൂക്ക് ആശുപത്രിയാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ ആദ്യപരിഗണന ലഭിച്ചത് മംഗല്‍പ്പാടി ആരോഗ്യ കേന്ദ്രത്തെയാണ്. നേരത്തെ സിഎച്ച്സിയുടെ നിലവാരം പോലുമില്ലാതിരുന്ന സ്ഥാനത്താണ് പുതിയ താലൂക്ക് ആശുപത്രിയായി ക്രമേണ വികസിപ്പിച്ചു വരുന്നത്. ഒമ്പത് ഡോക്ടര്‍, മറ്റു ജീവനക്കാരടക്കം 42 തസ്തികകളാണ് ഇവിടെ സൃഷ്ടിച്ചത്. അപഗ്രേഡ് ചെയ്ത ഒരു ആരോഗ്യകേന്ദ്രത്തില്‍ ഇത്രയധികം തസ്തികള്‍ സാധാരണ ഗതിയില്‍ നല്‍കാറില്ല.
കൂടാതെ ലാബ് ആധുനീകരിക്കുന്ന പ്രക്രിയ തുടരുകയാണ്. താലൂക്കാശുപത്രിയെ പൂര്‍ണാര്‍ത്ഥത്തില്‍ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ ആദ്യ ഘട്ടത്തില്‍ വോര്‍ക്കാടി ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി പെര്‍ള, ബായാര്‍, പുത്തിഗെ എന്നിവടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടര്‍ നടപടികളായിട്ടുണ്ട്. മൂന്നാംഘട്ടത്തില്‍ ആരിക്കാടി, മീഞ്ച, അംഗടിമൊഗര്‍ എന്നീ ആരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. മേഖലയുടെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കൊറോണ മഹാമാരി പ്രതിസന്ധി തീര്‍ക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരും ഒത്തുചേര്‍ന്ന് ഇതിനെതിരേ പ്രതിരോധം സൃഷ്ടിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments