പത്തനംതിട്ട (www.evisionnews.co): ഗൂഗിള്‍ മാപ്പ് നോക്കി ബൈക്കില്‍ തേക്കടിക്ക് പോയ യുവാക്കള്‍ എത്തിയത് ശബരിമലയില്‍. ചിറ്റാര്‍ ശ്രീകൃഷ്ണ വിലാസം ശ്രീജിത്ത് (27), നിരവേല്‍ വീട്ടില്‍ വിപിന്‍ വര്‍ഗീസ് (23) എന്നിവര്‍ക്കാണ് അബദ്ധം പറ്റിയത്. നിയന്ത്രണങ്ങള്‍ മറികടന്ന് വനത്തില്‍ അതിക്രമിച്ച് കയറിയതിന് ഇവര്‍ക്കെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.
തേക്കടിക്ക് പോവാന്‍ എളുപ്പ വഴി തേടിയാണ് ഇവര്‍ ഫോണില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തത്. ചിറ്റാറില്‍ നിന്ന് യാത്ര തുടങ്ങിയ ഇവര്‍ പ്ലാച്ചേരി വഴി പമ്പയില്‍ എത്തി. ഗണപതിക്കോവില്‍ കടന്ന് മുന്നോട്ട് ചെന്നപ്പോള്‍ സന്നിധാനത്തേക്ക് പോവുന്ന വഴിയിലെ ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. ഇവിടെ പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും യുവാക്കള്‍ കടന്നു പോയ ശേഷമാണ് പോലീസ് ഇതു ശ്രദ്ധിച്ചത്.
ഇവര്‍ ഉടനെ സന്നിധാനത്തുള്ള വനപാലകര്‍ക്കും പോലീസിനും വിവരം കൈമാറി. യുവാക്കള്‍ മരക്കൂട്ടത്ത് എത്തിയപ്പോഴേക്കും ഇവരെ വനപാലകര്‍ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഗിള്‍ മാപ്പ് വഴി വന്നപ്പോള്‍ പറ്റിയ അബദ്ധമാണെന്ന് മനസിലായത്.
Post a Comment
0 Comments