കാസര്‍കോട് (www.evisionnews.co): കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി അടച്ചിട്ട രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ട ഇന്ന് മുതല്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കും. കോവിഡ് ചട്ടംപാലിച്ച് രാവിലെ എട്ടുമണിമുതല്‍ വൈകിട്ട് ആറുവരെയാണ് സന്ദര്‍ശനം അനുവദിക്കുക. ഒരേസമയം നൂറുപേര്‍ക്ക് മാത്രമാണ് പ്രവേശനം.
കോവിഡ് രോഗവ്യാപനത്തിന്റെ തീവ്രത കൂടിയതോടെയാണ് ബേക്കല്‍ കോട്ട വീണ്ടും അടച്ചത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ മാര്‍ച്ച് 20ന് അടച്ചിട്ട കോട്ട ജൂലൈ ആറിന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിരുന്നു. അന്ന് 24പേര്‍ക്കാണ് കോവിഡ് ചട്ടംപാലിച്ച് പ്രവേശനത്തിന് അനുമതി നല്‍കിയത്. എന്നാല്‍ തീരപ്രദേശങ്ങളിലടക്കം കോവിഡ് വ്യാപനം തീവ്രമായതോടെ വീണ്ടും അടച്ചിടുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം കോട്ട സന്ദര്‍ശിക്കാന്‍ പ്രവേശനാനുമതി നല്‍കിയെങ്കിലും സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ബേക്കല്‍ കോട്ടയില്‍ ക്യൂആര്‍ കോഡ് വഴി ടിക്കറ്റ് നല്‍കിയാണ് പ്രവേശനം അനുവദിക്കുക. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം ഉള്‍പ്പടെയുള്ള രോഗപ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തും. തെര്‍മല്‍ സ്‌കാനര്‍ പരിശോധനയും ഉണ്ടാകും. വൈകിട്ട് ആറുമണിവരെയാണ് പ്രവേശനം. പ്രത്യേക സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് സൂര്യാസ്തമയം കാണാന്‍ അനുവദിക്കില്ല.
ബേക്കല്‍ കോട്ടയിലെ സന്ദര്‍ശക വിലക്ക് നീങ്ങിയെങ്കിലും ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ റാണിപൂരം ഈ മാസം തുറക്കില്ല. ഈമാസം 21ന് ബേക്കല്‍ കോട്ട, പള്ളിക്കര ബീച്ച് പാര്‍ക്ക്, റാണിപുരം എന്നിവ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുമെന്ന് ജില്ലാ കലക്ടരുടെ അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ആവശ്യമായ ക്രമീകരണങ്ങളോടെ ഒക്ടോബര്‍ ആദ്യവാരമേ തുറന്നുകൊടുക്കാനാവൂ എന്നാണ് ബന്ധപ്പെട്ടവരുടെ അറിയിപ്പ്.
Post a Comment
0 Comments