Type Here to Get Search Results !

Bottom Ad

ഗൂഗിള്‍ മാപ്പ് നോക്കി പോയ കാര്‍ കിടങ്ങിലെ വെള്ളക്കെട്ടില്‍ വീണു


(www.evisionnews.co) ഗൂഗിള്‍ മാപ്പ് നോക്കി പോയ കാര്‍ കിടങ്ങിലെ വെള്ളക്കെട്ടില്‍ വീണു. ഇന്നലെ കോതമംഗലം പാലമറ്റം- ആവോലിച്ചാല്‍ റോഡിലൂടെ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാറാണ് പാലം പണിക്ക് വേണ്ടി കുഴിച്ച 30 അടി താഴ്ചയുള്ള കിടങ്ങിലേക്ക് വീണത്. അപകടത്തില്‍ നിന്നും കാറില്‍ യാത്ര ചെയ്തിരുന്ന തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശികളായ ഗോകുല്‍ദാസ്, ഇസഹാഖ്, മുസ്തഫ എന്നിവര്‍ രക്ഷപ്പെട്ടു. ഇവര്‍ മൂന്നാറിലേക്കാണ് ഗൂഗിള്‍ മാപ്പ് നോക്കി പോയത്.

കാര്‍ പാലമറ്റത്തിന് സമീപം ഇഞ്ചത്തൊട്ടി ഒന്നാം ബ്ലോക്കിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ക്ക് ഇവിടെ റോഡ് പണി നടക്കുന്നത് അറിയാതെ പോയതാണ് അപകട കാരണം. കാര്‍ കിടങ്ങിന് സമീപത്ത് എത്തിയപ്പോഴാണ് മുന്നില്‍ റോഡില്ലെന്ന കാര്യം ഇവര്‍ മനസിലാക്കിയത്. ഇതോടെ വേഗം വലത്തോട്ട് വെട്ടിച്ച് മാറ്റാന്‍ ശ്രമിച്ചു. കാര്‍ വേഗത്തിലായിരുന്നതിനാല്‍ അതിന് സാധിക്കാതെ കിടങ്ങിലേക്ക് വാഹനം നിപതിക്കുകയായിരുന്നു.

രാത്രിയാണ് സംഭവം നടന്നത്. അതു കൊണ്ട് രക്ഷപ്പെട്ടത് കൂടുതല്‍ ശ്രമകരമായിട്ടാണെന്ന് ഇവര്‍ പറയുന്നു. ആദ്യം കാറിന്റെ ചില്ല് താഴ്ത്തി. അതിലൂടെ മൂവരും പുറത്തെത്തി. പക്ഷേ മൂന്നു പേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. ഇതിനാല്‍ കാറിന്റെ വശങ്ങളില്‍ പിടിച്ച് ഇവര്‍ 15 മിനുട്ടോളം നിന്നു

പിന്നീട് ഇതു വഴി വന്ന ആറംഗ സംഘം ഇവരെ രക്ഷപ്പെടുത്തി. പോത്തുപാറ റബ്ബര്‍ കമ്പനിയിലെ രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്ന സംഘം നിലവിളി കേട്ടാണ് കിടങ്ങിലേക്ക് നോക്കിയത്. ബൈക്കിന്റെ വെളിച്ചത്തിലാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂവര്‍ക്കും ഉടുമുണ്ട് കൂട്ടിക്കെട്ടി ആറംഗ സംഘം ഇട്ടുകൊടുത്തു. അതില്‍ പിടിച്ചാണ് ഇവര്‍ കരയ്ക്ക് കയറിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad