വാഷിംഗ്ടണ്‍ (www.evisionnews.co): വിശ്വസ്തമെന്ന് കരുതി 30വര്‍ഷത്തിലേറെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിക്കുകവഴി അര്‍ബുദ ബാധിതനായ അമേരിക്കന്‍ നിക്ഷേപകന് വീണ്ടും നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. 2016ല്‍ അര്‍ബുദം കണ്ടെത്തിയ സ്റ്റീഫന്‍ ലാന്‍സോ എന്നയാള്‍ക്ക് 521കോടി രൂപ കൂടി നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധി. കഴിഞ്ഞയാഴ്ച ലാന്‍സോയ്ക്ക് 195കോടി രൂപയും ഭാര്യ കേന്ദ്രയ്ക്ക് 46കോടി രൂപയും നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
തുടര്‍ച്ചയായ ഉപയോഗം അര്‍ബുദത്തിന് കാരണമാകുമെന്ന് അറിയാമായിരുന്നിട്ടും ആ വിവരം മറച്ചുവെച്ച് വില്‍പന നടത്തുകയാണ് കമ്പനി ചെയ്തതെന്ന് കാണിച്ചാണ് ലാന്‍സോയും കേന്ദ്രയും കോടതിയെ സമീപിച്ചത്. ഇവര്‍ക്കുള്ള നഷ്ടപരിഹാരം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും അതിന്റെ വിതരണക്കാരനും കൂടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. പുതിയതായി പ്രഖ്യാപിച്ച 521 കോടി രൂപ നഷ്ടപരിഹാരത്തില്‍ 360 കോടി രൂപയും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണാണ് നല്‍കേണ്ടത്. ബാ്ക്കിതുക വിതരണക്കാരായ ഇമേരീസ് ടാല്‍ക്കും.
വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും ഉത്പന്നത്തിന്റെ സുരക്ഷ ബോധ്യപ്പെടുത്തുമെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും ഇമേരീസ് ടാല്‍ക്കും വ്യക്തമാക്കി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ടാല്‍ക്കം പൗഡറിനെതിരേയും മറ്റ് ഉത്പന്നങ്ങള്‍ക്കെതിരേയും ആയിരക്കണക്കിന് കേസുകള്‍ അമേരിക്കന്‍ കോടതികളിലുണ്ട്. കൂടുതല്‍ കേസുകളും സ്ത്രീകളിലെ ഗര്‍ഭാശയ കാന്‍സറിന് ഉത്പന്നങ്ങള്‍ കാരണമാകുന്നുവെന്ന് കാണിച്ചാണ്. ആദ്യമായാണ് ഒരു പുരുഷന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരായ നിയമയുദ്ധത്തില്‍ വിജയിക്കുന്നതെന്ന് കരുതുന്നു.
ടാല്‍ക്ക് എന്ന ധാതുപദാര്‍ഥത്തില്‍നിന്നാണ് ടാല്‍ക്കം പൗഡര്‍ ഉദ്പാദിപ്പിക്കുന്നത്. ഇത് സാധാരണ ആസ്ബെസ്റ്റോസ് നിക്ഷേപങ്ങള്‍ക്കൊപ്പമാണ് കാണപ്പെടാറുള്ളത്. ഇത് കൂടിക്കലരുകയാണെങ്കില്‍ അത് അപകടകരമാകുമെന്ന് നേരത്തെതന്നെ പഠനങ്ങളുണ്ടായിട്ടുണ്ട്. ആസ്ബെസ്റ്റോസ് ശരീരത്തില്‍ കടക്കുന്നത് ശ്വാസകോശത്തെയും അടിവയറിനെയും ഹൃദയത്തെയും ബാധിക്കുന്ന മാരകമായ അര്‍ബുദമായ മെസോതെലിയോമക്ക് കാരണമാകുമെന്നും പഠനങ്ങളുണ്ട്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ അമേരിക്കയില്‍ 6610 കേസുകളാണ് വിവിധ കോടതികളിലായി ഉള്ളത്. സ്ത്രീ സൗന്ദര്യത്തിനും മറ്റും ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ ഓവേറിയന്‍ കാന്‍സറിന് കാരണമാകുമെന്ന കാര്യം മറച്ചുവെച്ചുവെന്നാരോപിച്ചാണ് കൂടുതല്‍ കേസുകളും.

Post a Comment
0 Comments