കാസര്‍കോട് (www.evisionnews.co): ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ശക്തം. പെരിയയിലും ബന്തടുക്കയിലും സ്ത്രീകളടക്കമുള്ള സമരക്കാര്‍ റോഡില്‍ കിടന്നാണ് വഴി തടയുന്നത്. സ്വകാര്യ വാഹനങ്ങളെ പോലും കടത്തിവിടുന്നില്ല. ബോവിക്കാനത്തും പരിസരങ്ങളിലും സ്വകാര്യ ബസുകള്‍ സമരക്കാര്‍ തടഞ്ഞു. ഇതോടെ ഈ ഭാഗത്തേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സാധാരണപോലെ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ സമരക്കാരുടെ പ്രതിഷേധം മൂലം ചിലയിടങ്ങളില്‍ പകുതിവെച്ച് സര്‍വീസ് അവസാനിപ്പിച്ചതായും വിവരമുണ്ട്. കാസര്‍കോട് നഗരത്തില്‍ കടകമ്പോളങ്ങള്‍ സാധാരണ നിലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. ടാക്‌സി വാഹനങ്ങളടക്കം നിരത്തിലിറങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചു. ഇതോടെ ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് തടസപ്പെട്ടു. തലസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് വിവിധ ദളിത് സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ഇതും പരിഗണിച്ചാണ് കെഎസ്ആര്‍ടിയോട് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പോലീസ് നിര്‍ദേശിച്ചത്. ഹര്‍ത്താല്‍ പ്രമാണിച്ച് കേന്ദ്രസര്‍വകലാശാല, കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

Post a Comment
0 Comments