കാസര്‍കോട്: (www.evisionnews.co)സായിറാം ഭട്ടിനു പത്മശ്രീ പുരസ്‌ക്കാരത്തിനു സംസ്ഥാന സര്‍ക്കാര്‍ രണ്ടുതവണ കേന്ദ്രത്തോടു ശുപാര്‍ശ ചെയ്‌തുവെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.ലോകത്തു തന്നെ ഇത്രയ്‌ക്കു ഉദാരമതിയും വിശാല മനസ്‌കനുമായ വ്യക്തികള്‍ അപൂര്‍വ്വമായിരിക്കും. പ്രവാസികള്‍ക്കു ഭവന പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക പാര്‍പ്പിട ദിനത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയില്‍ നഷ്‌ടത്തിന്റെ വിലാപ വര്‍ത്തമാനങ്ങള്‍ പറയുന്ന കര്‍ഷക സമൂഹത്തില്‍ സായിറാംഭട്ട് മാതൃകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജില്ലയില്‍ 278 വീടുകള്‍ ഭവന രഹിതരായ നിര്‍ധനര്‍ക്ക് അദ്ദേഹം കൃഷി ചെയ്‌തുണ്ടാക്കുന്ന വരുമാനം കൊണ്ടു ഇതുവരെ നിര്‍മ്മിച്ചു കൊടുത്തു. ആയിരവും പതിനായിരവും വീട് ഒന്നിച്ചു നിര്‍മ്മിക്കാന്‍ ശേഷിയുള്ള നിരവധിപേര്‍ നമ്മുടെ ജില്ലയിലുണ്ട്. അവര്‍ക്കാര്‍ക്കും തോന്നാത്ത കാര്യമാണ് സായിറാംഭട്ട് ഒറ്റക്കു ചെയ്‌തുകൊണ്ടിരിക്കുന്നത്. രാഷ്‌ട്രീയ-ജാതി-മത പരിഗണന ഇല്ലാതെയാണ് കിടപ്പാടമില്ലാത്തവര്‍ക്ക് അദ്ദേഹം വീടു നിര്‍മ്മിച്ചു നല്‍കുന്നത്.
സായിറാംഭട്ടിന്റെ വിശാലമനസ്‌കതയ്‌ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ഉപഹാരം ഇന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തി സമ്മാനിക്കുമെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഭവന രഹിതകര്‍ക്കു വീടു നല്‍കാന്‍ ഭൂദാനം പ്രസ്ഥാനം പുനരാവിഷ്‌ക്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. കിടപ്പാടമില്ലാത്തവര്‍ക്കു വീടു നിര്‍മ്മിച്ചു നല്‍കുന്നതിന് രാഷ്‌ട്രീയ-സാമൂഹ്യ-സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായം തേടും. പ്രവാസികള്‍ മടങ്ങി വരുമ്പോള്‍ അവര്‍ക്കു കിടപ്പാടമില്ലെന്ന പരാതി ഇനി ഉണ്ടാവില്ല. അതിനുവേണ്ടി പ്രത്യേക ഭവന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു കൊണ്ടിരിക്കുന്നു- അദ്ദേഹം പറഞ്ഞു. ആവശ്യത്തില്‍ കവിഞ്ഞ വലിപ്പത്തിലുണ്ടാക്കുന്ന വീടുകള്‍ക്കു നികുതി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചെലവുകുറഞ്ഞ വീടു നിര്‍മ്മിക്കുന്നതിനെക്കുറിച്ചും കര്‍ശന നിബന്ധനകളേര്‍പ്പെടുത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ആധ്യക്ഷം വഹിച്ചു.ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള ജില്ലാതല ശുചീകരണം മന്ത്രി ഇ.ചന്ദ്രശേഖരന്‍ കളക്‌ട്രേറ്റ് കോമ്പൗണ്ടില്‍ നിര്‍വ്വഹിച്ചു.
ജില്ലാ കളക്‌ടര്‍ കെ.ജീവന്‍ ബാബു, എ.ഡി.എം.എച്ച് ദിനേശ്, ഹൗസിംഗ് ബോഡ്, ഭവന നിര്‍മ്മാണ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
Post a Comment
0 Comments