കാസര്‍കോട്:(www.evisionnews.co) പഴയ ചൂരിയില്‍ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ റിയാസ് മൗലവിയുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി ന്യൂനപക്ഷ കമ്മീഷന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
റിയാസ് മൗലവിയുടെ അനാഥമായ കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയപ്പോള്‍ ധനസഹായം അനുവദിക്കുന്ന പണി ഞങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതേ മുഖ്യമന്ത്രി റിയാസ് മൗലവി കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവും തിരുവനന്തപുരത്ത് അക്രമികളുടെ വെട്ടേറ്റു മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷവും പത്തു ലക്ഷവും പ്രഖ്യാപിച്ചിരുന്നു. റിയാസ് മൗലവിയുടെ കാര്യത്തില്‍ മാത്രം നിഷേധിക്കുന്നത് കടുത്ത അനീതിയും വിവേചനവുമാണ്. രാജ്യത്തെ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണവും ആശ്വാസവും നല്‍കേണ്ട സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ വിവേചനം കാണിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഇക്കാര്യത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments