Type Here to Get Search Results !

Bottom Ad

നവീകരിച്ച പള്ളിക്കര തൊട്ടി മസ്ജിദ് ഉദ്ഘാടനം ഞായറാഴ്ച

 
കാസര്‍കോട് (www.evisionnews.co): പുതുക്കി പണിത പള്ളിക്കര തൊട്ടി മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളി ഞായറാഴ്ച അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് നടക്കുന്ന പൊതുസമ്മേളനം ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ഹംസ ബേങ്ക് സ്വാഗതം പറയും. ഹാഫിള് അസീം ഹഫീള് തൊട്ടി ഖിറാഅത്ത് നടത്തും. ചടങ്ങില്‍ പഴയ കാല ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരെ ആദരിക്കും. സോവനീര്‍ തങ്ങള്‍ പ്രകാശനം ചെയ്യും. അസീസ് മാളികയില്‍ ഏറ്റുവാങ്ങും. പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അനുഗ്രഹ ഭാഷണം നടത്തും. എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, കെ.കെ. മാഹിന്‍ മുസ് ലിയാര്‍ തൊട്ടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബ്ദുല്‍ ലത്തീഫ് ഫൈസി പുനൂര്‍ പ്രസംഗിക്കും.
 
രാത്രി 8.30ന് ബുര്‍ദ്ദ മജ്‌ലിസിന് ഹാഫിള് സാദിഖ് അലി അല്‍ ഫാളിലി ഗുഡല്ലൂര്‍ നേതൃത്വം നല്‍കും. തിങ്കളാഴ്ച ഏഴുമണിക്ക് മതപ്രഭാഷണം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.എം. അബ്ദുല്‍ റഹിമാന്‍ ഹാജി അധ്യക്ഷത വഹിക്കും. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി മുനീര്‍ തമന്ന സ്വാഗതം പറയും. ഹാഫിള് തംജീദ് തൊട്ടി ഖിറാഅത്ത് നടത്തും. ഹാഫിള് ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. 10ന് രാത്രി എ.എം നൗഷാദ് ബാഖവി ചിറയന്‍കീഴ് പ്രഭാഷണം നടത്തും. നീലേശ്വരം ഖാസി ഇ.കെ. മഹമൂദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.എം സാലിഹ് അധ്യക്ഷത വഹിക്കും. അബ്ദുല്‍ റഹിമാന്‍ ഹുദവി സ്വാഗതം പറയും. ഹാഫിള് മുഹമ്മദ് അന്‍സ്വഫ് തൊട്ടി ഖിറാഅത്ത് നടത്തും.
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്ത, തൊട്ടി ജുമാ മസ്ജിദ് നാല്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അ റേബ്യന്‍ നഗരങ്ങളിലെ പുരാതന പള്ളികളുടെ മാതൃകയില്‍ പുനര്‍നിര്‍മ്മിച്ചതെന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
 
നാട്ടുകാര്‍ മാത്രം നല്‍കിയ രണ്ടു കോടിയോളം രൂപ ചെലവിലാണ് ആറുവര്‍ഷം കൊണ്ട് പള്ളിയുടെ പണി പൂര്‍ത്തിയാക്കിയത്. ശില്‍പ ചാരുതയിലും അനുബന്ധ നിര്‍മാണങ്ങളിലും അറേബ്യന്‍ സംസ്‌കാരവുമായി ഏറെ സാമ്യം പുലര്‍ത്തുന്ന രീതിയിലാണ് പള്ളി പണി കഴിപ്പിച്ചിരിക്കുന്നത്. ചിരപുരാതന അറബ് നാഗരികതയുടെ പ്രൗഡി വിളിച്ചോതുന്ന മനോഹരമായ ഇന്റീരിയല്‍ ഡിസൈനിംഗും ഖുര്‍ആനിക സൂക്തങ്ങളുടെ കൊത്തുപണികളും പള്ളിയെ മികവുറ്റതാക്കുന്നു.
പ്രത്യേക രീതിയില്‍ പണികഴിപ്പിച്ച ഖുബ്ബയും കഅബയുടെ ചിത്രം ആലേഖനം ചെയ്ത പ്രവേശന കവാടവും ആധുനിക ശില്‍പ ചാരുതയില്‍ തീര്‍ത്ത അംഗസ്‌നാന കുടവും പള്ളിയുടെ മറ്റൊരു സവിശേഷതയാണ്. പരിസരത്തൊരുക്കിയ വിശാലമായ ഈത്തപ്പനത്തോട്ടവും ചുറ്റുമുള്ള പ്രഭാവലയവും അറബു നാടുകളെ അനുസ്മരിപ്പിക്കുന്നതാണ്. പഴയകാലം മുതലെ ഗള്‍ഫ് രാഷ്ട്രങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണ് തൊട്ടി നിവാസികള്‍. ഈ ബന്ധമാണ് ഇങ്ങനെയൊരു തീരുമാനത്തിനു കാരണമായത്. പത്രസമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി, ട്രഷറര്‍ ഹംസ തൊട്ടി, ഖത്തീബ് അബൂ സിയാന്‍ അസ്ഹരി, പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍ ബേങ്ക്, ബഷീര്‍ തഖ്‌വ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad