സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിച്ചുംപേയും പറയുകയാണ്. ബിജെപിക്ക് മറുപടി എന്ന നിലയിൽ കോടിയേരി നുണപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്തായക്കുന്നിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നനഞ്ഞ പടക്കമെന്നും ചീറ്റിപ്പോയ യാത്രയെന്നുമൊക്കെ ജനരക്ഷാ യാത്രയെപ്പറ്റി പറയുന്നത് യാത്ര ഉയർത്തുന്ന മുദ്രാവാക്യങ്ങളോട് സത്യസന്ധമായും വസ്തുതാപരമായും മറുപടി പറയാൻ സാധിക്കാത്തതു കൊണ്ടാണ്. വിറളി പിടിച്ച് സിപിഎം നേതാക്കള്‍ പ്രസ്താവന നടത്തുന്നത് തന്നെ ജാഥ വിജയിച്ചതു കൊണ്ടാണ്.
അസുഖം വന്ന് മരിച്ചവരേയും വണ്ടി തട്ടി മരിച്ചവരേയുമൊക്കെ രക്തസാക്ഷികളാക്കുന്ന രീതി സിപിഎം അവസാനിപ്പിക്കണം.
ഇന്ന് ദേശാഭിമാനിയുടെ മുൻ പേജിൽ വന്ന രക്തസാക്ഷി പട്ടികയിൽ ഉൾപ്പെട്ട കണ്ണൂരിലെ സി സരോജിനിയെ ആരാണ് കൊലപ്പെടുത്തിയതെന്ന് സിപിഎം വ്യക്തമാക്കണം. രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ മരിച്ച സരോജിനി ആരുമായാണ് സംഘടനത്തിൽ ഏർപ്പെട്ടതെന്ന് അറിയില്ല. കണ്ണൂരിലെ സി വി രവീന്ദ്രൻ വാഹനാപകടത്തിൽ മരിച്ചെന്നായിരുന്നു പൊലീസിന്‍റെ ആദ്യ റിപ്പോർട്ട്. എന്നാൽ സിപിഎമ്മിന്‍റെ സമ്മർദ്ദം മൂലമാണ് അത് കൊലപാതക കേസായി രജിസ്റ്റർ ചെയ്തത്. ആലപ്പുഴയിലെ മുഹമ്മദ് മുഹസീൻ ആലിശ്ശേരി ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരുമായുണ്ടായ സംഘർഷത്തിലാണ് മരിച്ചത്.
തിരുവനന്തപുരത്തെ സുരേഷ് കുമാർ ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി കൊല്ലപ്പെട്ടയാളാണ്. ധനുവെച്ചപുരം ഐടിഐയിലെ എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത് കയ്യിലിരുന്ന നാടൻ ബോംബ് പൊട്ടിയാണ്. ഇവരൊക്കെ രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ടതാണെന്ന് വരുത്തി തീർത്ത് രക്തസാക്ഷികളുടെ എണ്ണം കൂട്ടുന്ന പരിപാടി സിപിഎം അവസാനിപ്പിക്കണം.
ബിജെപി നേതാവ് ഷാനവാസ് ഹുസൈന്റെ ഭാര്യാ പിതാവെന്ന് കോടിയേരി ഫേസ്ബുക്കിൽ വിശേഷിപ്പിച്ച വിഎച്ച്പി നേതാവ് അശോക് സിംഗാൾ വിവാഹമേ കഴിച്ചിട്ടില്ല.അശോക് സിംഗാളിനെപ്പറ്റിയും ഷാനവാസ് ഹുസൈനെപ്പറ്റിയും കോടിയേരിക്ക് അറിവില്ലെന്ന് ഇതോടെ മനസ്സിലായി. കേരളത്തിന് പുറത്തുള്ള കാര്യങ്ങളെപ്പറ്റി വലിയ ധാരണയില്ലെന്ന് നേരത്തെ തന്നെ കോടിയേരി തെളിയിച്ചതാണ്. ഇന്‍റർനെറ്റിൽ നോക്കിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ കോടിയേരി തയ്യാറാകണമായിരുന്നു. ജിഹാദി ഭീകരത എന്നാൽ ലവ് ജിഹാദ് മാത്രമല്ല. ഹിന്ദു-മുസ്ലീം വിവാഹങ്ങളെല്ലാം ലവ് ജിഹാദെന്ന് തെറ്റിദ്ധരിപ്പിക്കാൻ കോടിയേരി ശ്രമിക്കുന്നു.
ജനരക്ഷായാത്രയെ വൻ വിജയമാക്കാൻ സഹായിച്ചതിന് ദേശാഭിമാനിയ്ക്ക് പ്രത്യേക നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷാ യാത്രയിൽ സിപിഎമ്മിന് ജയ് വിളിച്ചെന്ന വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതിൽ നിന്ന് മുഖ്യധാരാ മാധ്യമങ്ങൾ പിൻമാറണം. ഓൺലൈനിൽ അസത്യം പ്രചരിപ്പിക്കുന്നത് മനസ്സിലാക്കാം. എന്നാൽ ഇത് മുഖ്യധാരാ മാധ്യമങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ അദ്ധ്യക്ഷൻ പി സത്യപ്രകാശും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Post a Comment
0 Comments