ബെംഗളൂരു: (www.evisionnews.in) കര്‍ണാടകയിലെ പരമ്പരാഗത കാളയോട്ട മല്‍സരമായ കംബള നിയമവിധേയമാക്കാനുള്ള ബില്‍ കര്‍ണാടക നിയമസഭ പാസാക്കി. കേരളത്തിലെ മരമടി (കാളയോട്ടം) മല്‍സരത്തിനു സമാനമായി ഉഴുതുമറിച്ച വയലിലൂടെ എരുമകളെ മല്‍സരിച്ചോടിക്കുന്ന കംബളയ്ക്കു കഴിഞ്ഞ നംവബറില്‍ കര്‍ണാടക ഹൈക്കോടതി ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. മൃഗസംരക്ഷണ സംഘടനയായ പെറ്റ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഇതിന്റെ പശ്ചാത്തലത്തിലാണ് കംബള നിയമവിധേയമാക്കാനുള്ള ഭേദഗതി ബില്‍ കര്‍ണാടക നിയമസഭ പാസാക്കിയത്. ദക്ഷിണ കന്നഡ ജില്ലയില്‍ കാര്‍ഷികോല്‍സവത്തിന്റെ ഭാഗമായാണു കംബള മല്‍സരങ്ങള്‍ നടത്തുന്നത്. മംഗളൂരു, ഉഡുപ്പി, കുന്ദാപുര എന്നിവിടങ്ങളിലെ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നു പോലും കര്‍ഷകരെത്താറുണ്ട്. ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ നടന്ന പൊതുജന പ്രക്ഷോഭത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട്, കംബളയുടെ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ റാലികള്‍ നടന്നിരുന്നു. കംബള സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായതോടെ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കര്‍ണാടക മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഭേദഗതി ബില്‍ നിയമസഭയില്‍ പാസാക്കിയത്.
Post a Comment
0 Comments