Type Here to Get Search Results !

Bottom Ad

ഖാസി കേസ്: എം.ഐ.സി വിദ്യാര്‍ത്ഥി റാലിയില്‍ പ്രതിഷേധമിരമ്പി

ചട്ടഞ്ചാല്‍ (www.evisionnews.in): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സീനിയര്‍ വൈസ് പ്രസിഡണ്ടും ചെമ്പരിക്ക മംഗളൂരു ഖാസിയുമായ സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ തെറ്റായ അന്വേഷണത്തിനെതിരെ എ.ഐ.സി വിദ്യാര്‍ത്ഥി കോഡിനേഷന്‍ കമ്മിറ്റി നടത്തിയ പ്രതിഷേധ റാലിയില്‍ പ്രതിഷേധമിരമ്പി. തെളിവുകള്‍ കൃത്യമായി പരിശോധിക്കുകയാണെങ്കില്‍ സി.ബി.ഐ റിപ്പോര്‍ട്ട് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. ബാഹ്യ ഇടപെടലുകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും സി.ബി.ഐ പോലും വഴങ്ങി എന്നതാണ് റിപ്പോര്‍ട്ട് തന്നെ വിളിച്ചോതുന്നത്. തെളിവ് നശിപ്പിച്ച് ലോക്കല്‍ പോലീസ് നടത്തിയ അതേ അന്വേഷണ റിപ്പോര്‍ട്ടാണ് സി.ബി.ഐ സമര്‍പ്പിച്ചത്.

ഏഴുവര്‍ഷം കഴിഞ്ഞിട്ടും കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സാഹചര്യത്തെളിവുകളും സാക്ഷികളും കൊലപാതകമെന്ന് കൃത്യമായി വിരല്‍ ചൂണ്ടുന്നുണ്ട്. അതിനെ സാധൂകരിക്കുന്നവിധത്തിലാണ് സി.ബി.ഐ ആദ്യ സംഘം അന്വേഷണം മുന്നേട്ടുനീക്കിയത്. അറസ്റ്റ് ഉണ്ടാവാനിരിക്കെയാണ് ആദ്യ സംഘത്തിലെ ഉദ്യോഗസ്ഥനെ പെട്ടെന്ന് സ്ഥലം മാറ്റിയത്. തുടര്‍ന്ന് വന്ന അന്വേഷണ റിപ്പോര്‍ട്ട് നേരെ മറിച്ചായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് പുതിയ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. എന്നാല്‍ വഴിപാടുപോലെ ഒരു അന്വേഷണ പ്രഹസനം നടത്തി രണ്ടാമതും സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

തുടക്കം മുതല്‍ക്ക് തന്നെ വളരെ സംശയാസ്പദമായ നിലപാടുകളാണ് ലോക്കല്‍ പോലീസും ക്രൈബ്രാഞ്ചും സ്വീകരിച്ചത്. സാഹചര്യത്തെളിവുകളെയും സാക്ഷിമൊഴികളെയും മുഖവിലകെടുക്കാതെയാണ് സി.ബി.ഐ സംഘവും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും പ്രതിഷേധ സംഗമം ആരോപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad