കാസര്‍കോട്.(www.evisionnews.in)മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ല മികച്ച നേട്ടം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 29,95,908 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യം ഉണ്ടായിരുന്നത്. എന്നാല്‍ ജില്ല ഈ കാലയളവില്‍ 32,65,584 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. ലക്ഷ്യത്തിന്റെ 111 ശതമാനം നേട്ടം. 83,59,89,504 രൂപ വേതനമായി തൊഴിലാളികള്‍ക്ക് നല്‍കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ജലസംരക്ഷണ പ്രവൃത്തികള്‍ ചെയ്തു. പുതിയ കുളങ്ങള്‍, കിണറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതോടൊപ്പം പഴയ ജലാശയങ്ങളുടെ ചളിയെടുത്ത് ജലം ഉള്‍ക്കൊളളുന്നതിനുളള വ്യാപ്തി വര്‍ധിപ്പിക്കുന്നതുമായ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നു. കടുത്ത വരള്‍ച്ചാ സാഹചര്യവും ജലക്ഷാമവും നേരിട്ട ജില്ലയില്‍ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി ജലസംരക്ഷണ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നത് ജനങ്ങള്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്.
300 സെന്റിമീറ്ററിലധികം മഴ ലഭിക്കുന്ന ആറ് മാസ ദൈര്‍ഘ്യമുളള വര്‍ഷകാലമുണ്ടായിട്ടും കേരളം ജലക്ഷാമം നേരിടുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സമൃദ്ധമായി ലഭിക്കുന്ന മഴവെളളത്തിന്റെ നല്ലൊരംശം മണ്ണിലേക്കിറക്കിവിട്ട് നീരുറവകള്‍ പരിപുഷ്ടിപ്പെടുത്തിയാല്‍ ഭൂഗര്‍ഭ ജലനിരപ്പ് അല്‍പ്പം ഉയരുന്നതും വരള്‍ച്ചാ സാഹചര്യം ഒഴിവാക്കുവാന്‍ കഴിയുന്നതുമാണ്. അതിനായി മഴക്കുഴികള്‍, , ചെക്കുഡാമുകള്‍ , കിണറുകള്‍, കുളങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം തുടങ്ങിയവ ഏറ്റെടുക്കുന്നതിന് കര്‍മ്മപദ്ധതിയൊരുക്കിയിട്ടുണ്ട്.

Post a Comment
0 Comments