കാസര്‍കോട്.(www.evisionnews.in)പിണറായി വിജയന്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയാകുമെന്ന് സൂചനകള്‍ ശക്തം.വെള്ളിയാഴ്ച തിരുവനന്തപുരത്തെ എ.കെ.ജി സെന്ററില്‍ അടിയന്തിരമായി വിളിച്ച് ചേര്‍ത്ത സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് - സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ക്ക് ശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍. ഇരു യോഗങ്ങളിലും സി.പി.എം ജന.സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും സംബന്ധിക്കും .മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിയുടെ പേര് മാത്രമായിരിക്കും പരിഗണിക്കപ്പെടുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.അതേ സമയം ഡല്‍ഹിയില്‍ ചേരാനിരുന്ന പാര്‍ട്ടി കേന്ദ്രയോഗം മാറ്റിവെച്ചു.22ന് പോളിറ്റ് ബ്യൂറോ യോഗം ചേരും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ സ്ഥാപിച്ച പാറപ്രം പ്രദേശത്തെ വീരേതിഹാസമുള്‍കൊള്ളുന്ന പിണറായിയില്‍ നിന്നുള്ള കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കും കേരള രാഷ്ട്രീയത്തിലെ അജയ്യനായ വിജയനെന്ന് ഉറപ്പായി കഴിഞ്ഞു.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകരില്‍ ഒരാളായ സി.എച്ച് കണാരന്റെ കണ്ടെത്തലാണ് പിണറായി വിജയന്‍.സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.എഫിന്റെയും യുവജന വിഭാഗമായ കെ.എസ്.വൈ.എഫിന്റെയും അമരക്കാരനായിരുന്നു.1970ല്‍ 26ാം വയസ്സില്‍ കൂത്തൂപറമ്പില്‍ നിന്ന് നിയമസഭയിലെത്തി. അടിയന്തിരാവസ്ഥക്കാലത്ത് ക്രൂരമായ ഭരണകൂട ഭീകരതക്കിരയായി. നിരവധി തവണ ജയില്‍വാസവും വരിച്ചു.
സി.പി.എം രൂപീകരണത്തിന് ശേഷം പാര്‍ട്ടിയില്‍ വിവിധ ഘട്ടങ്ങളില്‍ ഉടലെടുത്ത വിഭാഗീയ-തീവ്രവാദ വ്യതിയാനങ്ങള്‍ക്കെതിരെ അതിശക്തമായി പോരാടിയ പാരമ്പര്യത്തില്‍ അടിയുറച്ച് നിന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ടീം കേരളത്തില്‍ വന്‍വിജയത്തിലെത്തിച്ചത്.മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സി.പി.എം അടക്കമുള്ള ഘടക കക്ഷികള്‍ മന്ത്രസഭാംഗങ്ങളെ തീരുമാനിക്കും.
സി.പി.എമ്മില്‍ നിന്ന് ഡോ.തോമസ് ഐസക്, ജി.സുധാകരന്‍, ഇ.പി ജയരാജന്‍, എ.കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, എ.സി മൊയ്തീന്‍, ഷൈലജ ടീച്ചര്‍ എന്നിവരും മന്ത്രിമാരാകുമെന്നാണ് സൂചനകള്‍.

Post a Comment
0 Comments