കാസര്‍കോട് (www.evisionnews.in): ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഉള്ളാള്‍ സയ്യിദ് മദനി ദര്‍ഗയെയും അതിന്റെ നടത്തിപ്പുകളെയും സംബന്ധിച്ച് അനാവശ്യ വിവാദങ്ങളിലാഴ്ത്താന്‍ ആരും പരിശ്രമിക്കരുതെന്ന് കര്‍ണാടക ആരോഗ്യമന്ത്രിയും സ്ഥലം എംഎല്‍എയുമായ യു.ടി ഖാദര്‍. ദര്‍ഗ്ഗയുടെ അധികാര തര്‍ക്കം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കയുളവാക്കുന്നതും വിശ്വാസികളില്‍ അവിശ്വാസം ജനിപ്പിക്കുന്ന തരത്തിലുള്ളതാണ്. നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങളും തര്‍ക്കങ്ങളും അനുരഞ്ജനത്തിന്റെ പാതയിലൂടെ തീര്‍ക്കാനാണ് ഒരു മധ്യസ്ഥനെന്ന നിലയില്‍ തന്റെ ശ്രമമെന്നും ഇതിന് എല്ലാവരുടെയും പിന്തുണയും ഖാദര്‍ അഭ്യര്‍ത്ഥിച്ചു. ഉള്ളാള്‍ വിവാദങ്ങളെ സംബന്ധിച്ച് ഇവിഷന്‍ ന്യൂസിനോട് ടെലഫോണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദര്‍ഗ്ഗയുടെ പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഈ തര്‍ക്കം രമ്യമായി പരിഹരിക്കപ്പെടും. അന്തരിച്ച ഉള്ളാള്‍ ഖാസി താജുല്‍ ഉലമയുടെ നേതൃത്വമുണ്ടായിരുന്ന സ്ഥാപനമാണിത്. ജാതിമത ഭേദമന്യേ ജനങ്ങള്‍ ദര്‍ഗ്ഗയെയും ഇതിന് കീഴിലുള്ള സ്ഥാപനങ്ങളെയും നോക്കിക്കാണുന്നുണ്ട്. നിരാംലംബരോട് അങ്ങേയറ്റം അനുകമ്പ പുലര്‍ത്തുന്ന സ്ഥാപനമാണിത്. ഭരണത്തില്‍ അഡ്മിനിസ്‌ട്രേറ്ററെ ഏര്‍പ്പെടുത്തണമെന്ന ചില കേന്ദ്രങ്ങളുടെ ആവശ്യം അറ്റകൈ ആയി മാത്രമേ കാണാനാകൂ. നിലവില്‍ ഇതിന്റെ ആവശ്യമില്ല. ബന്ധപ്പെട്ട എല്ലാവരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉപദേശങ്ങളും ക്രോഡീകരിച്ച് സുസജ്ജവും ക്രിയാത്മകവുമായ ഒരു ഭരണസംവിധാനം ഏര്‍പ്പെടുത്താനാണ് തന്റെ ശ്രമമെന്നും മന്ത്രി ഖാദര്‍ പറഞ്ഞു.
Post a Comment
0 Comments