കാസര്‍കോട് (www.evisionnews.in): ഞായറാഴ്ച കാസര്‍കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാഗതമോതി ബിജെപി നഗരത്തില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളെച്ചൊല്ലി ജില്ലാ ആസ്ഥാനത്ത് പുതിയ വിവാദം. സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ പോലും സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നീക്കുന്ന അധികൃതര്‍ നഗരമധ്യത്തില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ച കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകള്‍ കണ്ടില്ലെന്ന് നടക്കുന്നത് ബി.ജെ.പിയോടുള്ള പ്രീണനമാണെന്നാണ് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും വിമര്‍ശനം.
പ്രധാനമന്ത്രി കാസര്‍കോട്ടെത്തുന്നത് ഔദ്യോഗിക പരിപാടിക്കല്ല. ഫഌക്‌സില്‍ മോദിയുടെ ബഹുവര്‍ണ ചിത്രമാണുള്ളതെങ്കിലും ഇത് നല്‍കുന്ന സന്ദേശം താമരയുടേതാണെന്ന് പകല്‍പോലെ വ്യക്തമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
അതേസമയം, പ്രധാനമന്ത്രിയുടെ ഛായാചിത്രങ്ങള്‍ പതിച്ച ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചടങ്ങളുടെ ലംഘനമായി കാണാനാകില്ലെന്ന് മുഖ്യവരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഇ. ദേവദാസ് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. ഇതിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പരാതി ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. റാലിക്ക് ശേഷവും പ്രധാനമന്ത്രിയുടെ പ്രചാരണ ബോര്‍ഡുകള്‍ നീക്കിയില്ലെങ്കില്‍ ഇത് അധികൃതര്‍ നേരിട്ടെത്തി നീക്കം ചെയ്യുമെന്നും കലക്ടര്‍ പറഞ്ഞു.

Post a Comment
0 Comments