Type Here to Get Search Results !

Bottom Ad

ബിയര്‍ ആരോഗ്യത്തിന് ഹാനികരം: കേരളം മദ്യത്തില്‍ മുങ്ങിയെന്ന് റിപ്പോര്‍ട്ട്


തിരുവനന്തപുരം (www.evisionnews.in): അശാസ്ത്രീയമായ മദ്യനയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ വന്‍ വര്‍ധനയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബിയര്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് വൈദ്യ ശാസ്ത്ര പണ്ഡിതര്‍ മുന്നറിയിപ്പ് നല്‍കുന്നു. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്നത് ബിയര്‍ ഉള്‍പ്പടെ എല്ലാത്തരം മദ്യങ്ങള്‍ക്കും ബാധകമെന്നാണെന്നാണ് മുന്നറിയിപ്പ്. പുതിയ മദ്യനയം വന്ന ശേഷം വീര്യം കൂടിയ മദ്യത്തിന് പകരം ബിയര്‍ ആരോഗ്യത്തിന് നല്ലതാണെന്ന ധാരണയില്‍ അമിതമായി ഇത് സേവിക്കുന്നവരുടെ എണ്ണം പതിന്മടങ്ങ് കൂടിയിട്ടുണ്ട്. 

എന്നാല്‍, ബിയറിന്റെ അമിത ഉപയോഗം ഫാറ്റി ലിവര്‍, ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്നിവയിലൂടെ ലിവര്‍ സിറോസിസില്‍ കലാശിക്കും. അമിതമായ ബിയര്‍ ഉപയോഗം കേരളത്ത വലിയൊരു ആരോഗ്യ പ്രതിസന്ധിയിലേക്കാണ് തള്ളിവിടാനിരിക്കുന്നത്. അതിനിടെ, ബിയര്‍ വില്‍പ്പനയില്‍ മാത്രം 61 ശതമാനം വര്‍ധനയുണ്ടായി. ഇതടക്കം മൊത്തം മദ്യവില്‍പ്പനയില്‍നിന്നുള്ള വരുമാനം സര്‍വകാല റെക്കോഡിലെത്തി. ബിവറേജസ് കോര്‍പറേഷന്റെ കണക്കിലാണ് ഈ വിവരം.

ഫൈവ് സ്റ്റാര്‍ ഒഴികെ ബാറുകള്‍ അടച്ചുപൂട്ടിയെങ്കിലും കൂടുതല്‍ ബിയര്‍-വൈന്‍ പാര്‍ലര്‍ തുറന്നും ബിവറേജസ് കോര്‍പറേഷന്റെ വില്‍പ്പനശാലകളില്‍ കൂടുതല്‍ കൌണ്ടര്‍ സ്ഥാപിച്ചുമാണ് മദ്യവില്‍പ്പന സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. 28 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും 33 ക്‌ളബ്ബുകളിലും ബാര്‍ പ്രവര്‍ത്തിക്കുന്നു. ബിയര്‍, വീര്യം കൂടിയ വിദേശമദ്യം എന്നിവയടക്കമുള്ള മദ്യവില്‍പ്പന 2015-16 സാമ്പത്തികവര്‍ഷം 11577.29 കോടി രൂപയുടേതാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 1564.45 കോടി കൂടുതല്‍. ബിയര്‍ വില്‍പ്പന 61 ശതമാനം വര്‍ധിച്ചതോടെ മൊത്തം മദ്യവില്‍പ്പന കുതിച്ചുയര്‍ന്നു.

2014-15ല്‍ വില്‍പ്പനനികുതിയിനത്തില്‍ 5009.21 കോടി രൂപയായിരുന്നു മദ്യവില്‍പ്പനയില്‍നിന്നുള്ള വരുമാനം. അത് 2015-16ല്‍ 5875.46 കോടിയായി ഉയര്‍ന്നു. നികുതി നല്‍കിയശേഷം സംസ്ഥാന ഖജനാവില്‍ 2014-15ല്‍ എത്തിയത് 8277 കോടി രൂപയാണെങ്കില്‍ 2015-16ല്‍ 9787 കോടി രൂപയാണ് വരവ്. 2014-15ല്‍ വീര്യംകൂടിയ മദ്യത്തിന്റെ വില്‍പ്പന 220.58 ലക്ഷം കെയ്‌സ് ആയിരുന്നത് 2015-16ല്‍ 201.75 ലക്ഷമായി കുറഞ്ഞു. എന്നാല്‍, ഇതേ കാലയളവില്‍ ബിയര്‍ വില്‍പ്പന 95.59 ലക്ഷം കെയ്‌സില്‍നിന്ന് 154.20 ലക്ഷം കെയ്‌സ് ആയി കുതിച്ചു.

കേരളത്തില്‍ മദ്യവില്‍പ്പന കൂടിയെന്നും മദ്യത്തില്‍നിന്നുള്ള വരുമാനം വര്‍ധിച്ചെന്നും വാര്‍ത്ത പരന്നതോടെ എക്‌സൈസ് മന്ത്രി കെ ബാബു അത് നിഷേധിച്ച് പത്രക്കുറിപ്പിറക്കി. എന്നാല്‍, ഫെബ്രുവരി എട്ടിനും 16നും നിയമസഭാ ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടിയില്‍ മദ്യവില്‍പ്പനയും വരുമാനവും കൂടിയെന്ന് വ്യക്തമാക്കി. ഫെബ്രുവരി 16ന് രാജു എബ്രഹാമിന് നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞത് ഇങ്ങനെ: മദ്യ വില്‍പ്പനനികുതിയിനത്തില്‍ 2014-15 വര്‍ഷത്തേക്കാള്‍ 23 ശതമാനം തുക ഇതിനകം അധികമായി ലഭിച്ചു. ബാറുകള്‍ നിരോധിച്ചശേഷം ബിവറേജസ് കോര്‍പറേഷന്‍ വില്‍പ്പനനികുതി വകുപ്പിലേക്ക് നല്‍കിവരുന്ന വില്‍പ്പനവിഹിതത്തില്‍ കാര്യമായ വ്യത്യാസമൊന്നും വന്നിട്ടില്ല. 2014 ഏപ്രില്‍മുതല്‍ ഡിസംബര്‍വരെയുള്ള മൊത്തം മദ്യവില്‍പ്പന 7348.03 കോടി രൂപയുടേതാണ്.

2015 ഏപ്രില്‍മുതല്‍ ഡിസംബര്‍വരെ ഇത് 8569.16 കോടി രൂപ. ഇതേ കാലയളവില്‍ വില്‍പ്പനനികുതി വരുമാനം 4885.13 കോടിയില്‍ നിന്ന് 5991.02 കോടിയായി വര്‍ധിച്ചു. നിയമസഭയില്‍ നല്‍കുന്നത് ആധികാരികമായ കണക്കാണ്. 2015 ഡിസംബര്‍വരെയുള്ള കണക്കനുസരിച്ചുള്ള വര്‍ധന 2016 മാര്‍ച്ച് 31 ആയപ്പോഴും അതേ നിരക്കില്‍ തുടരുന്നു. ബാറുകളുടെ സ്ഥാനത്ത് അതിനേക്കാള്‍ കൂടുതല്‍ ബിയര്‍ -വൈന്‍ പാര്‍ലര്‍ സ്ഥാപിച്ചാണ് മൊത്തം മദ്യവില്‍പ്പന സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad