ഈ പഴയ സ്വര്‍ണകൂടീരത്തിലേക്ക് കയറിവന്ന വ്യാപരങ്ങളെല്ലാം ഉപ്പുവെച്ച കലം പോലെയാണ് രംഗം വിട്ടത്. ഇനി ഈ കൊട്ടാരത്തിലേക്ക് ആരു കയറുമെന്നാണ് ജനം കാത്തിരുന്നത് കാണാനിരിക്കുന്നത്. ആനബാഗിലുവിലെ പഴയ മുസ്ലിം കുടുംബത്തിന്റെതായിരുന്നു ആലുക്കാസ് കൊട്ടാരമുള്‍പ്പെടുന്ന സ്ഥലം. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലം നഗരത്തിലെ മറ്റൊരു സ്വര്‍ണവ്യാപാരിയുടേതുമായിരുന്നു. ഇപ്പോള്‍ ഇതെല്ലാം പഴങ്കഥകളായി പലരിലേക്കുമായി മാറിമറയുന്ന റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ് നടന്നുവരുന്നത്.
ആലുക്കാസ് മുതലാളി രംഗംവിട്ടത് വര്‍ഷങ്ങള്‍ക്ക് സ്ഥാപനത്തിന്റെ എതിര്‍ വശത്ത് നടന്ന റംസാന്‍ കാലത്തെ മൈലാഞ്ചി അണിയിക്കല്‍ മേളയോടെയായിരുന്നു. പ്രമുഖ പത്രസ്ഥാപനവും ആലൂക്കാസുമായിരുന്നു മൈലാഞ്ചിക്ക് നിറംകൂട്ടിയത്. ഈ നിറക്കൂട്ടുകള്‍ സ്ഥലത്തുടലെടുത്ത സംഘര്‍ഷത്തെതുടര്‍ന്ന് സംഗതി കലുഷിതമാവുകയും സ്വര്‍ണക്കച്ചവടം തന്നെ പൂട്ടിപ്പോകുന്ന നിലയിലെത്തുകയുമായിരുന്നു. ഇപ്പോള്‍ ഇതിനെ ചുറ്റിപ്പറ്റി നിറം പിടിപ്പിച്ച കഥകളും അഭ്യൂഹങ്ങളുമാണ് പെറ്റുപെരുകുന്നത്. ഇതില്‍ നെല്ലേത് പതിരേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ്.
നഗരത്തിലെ സിംഹഭാഗവും നിയന്ത്രിക്കുന്ന റിയല്‍ എസ്റ്റേറ്റ് -ബില്‍ഡര്‍ ലോബി പഴയ ആലുക്കാസ് കൊട്ടാരത്തിന്റെ ചുറ്റിലും കറങ്ങിത്തിരിയുന്നത് ഇനിയും അവസാനിപ്പിച്ചിട്ടില്ല. ഇൗ ലോബിക്കാണ് പ്രത്യക്ഷത്തില്‍ കോളടിച്ചിരിക്കുന്നത്. ഓരോ ഇടപാടിലും ലക്ഷങ്ങള്‍ മറിയും. സര്‍ക്കാറിന്റെ ഖജനാവിനാകട്ടെ വന്‍ നഷ്ടവും. ഈ പോക്ക് ഇങ്ങനെ തുടരുമെന്നാണ് റിയല്‍ എസ്‌റ്റേറ്റ് വ്യാപാര നിരീക്ഷകരുടെ പ്രവചനം.
സ്ഥലത്തിന്റെ അടിയാധാരത്തിനുടമയായ ഒരു സ്ത്രീയുടെ ശാപമാണ് ഇവിടെ വ്യാപാരങ്ങള്‍ പച്ചപിടിക്കാത്തതിന് കാരണമെന്നും ചിലകേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ആ സ്ത്രീയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയാണ് പുത്തന്‍ പണക്കാര്‍ സ്ഥലം വാങ്ങിയതെന്നും പ്രചരണമുണ്ട്. അതിനിടെ നവമാധ്യമങ്ങളില്‍ പടരുന്നത് സ്ഥലത്തിന്റെ കിടപ്പിനെ സംബന്ധിച്ച ചില അബദ്ധജടിലമായ വിവരങ്ങളാണ്. ഇതില്‍ കന്നിമൂലയും പണിതുയര്‍ത്തിയ കെട്ടിടത്തിന്റെ തച്ചുശാസ്ത്രപ്രകാരമുള്ള വിഘ്‌നങ്ങളും പെടും. അതിനിടെയിലാണ് അവില്‍ മില്‍ക്കും ചറുമുറുവും മുട്ടഓംലെറ്റും നവമാധ്യങ്ങളില്‍ ട്രോളിംഗായി പ്രത്യക്ഷപ്പെടുന്നത്. അഷ്ടിക്ക് വഴി കണ്ടെത്താന്‍ രാവും പകലും ഉന്തുവണ്ടിയില്‍ ജീവിതം തള്ളി നീക്കുന്ന തങ്ങളോട് കളിച്ചാല്‍ കെഎഫ്‌സി അല്ല ഏത് കൊലകൊമ്പനും കാസര്‍കോട്ട് നിന്ന് പറപറക്കുമെന്നാണ് മറ്റൊരു പ്രചരണം. കഥ തീരുന്നില്ല. ഇപ്പോള്‍ ആലുക്കാസ് കൊട്ടാരം മറ്റൊരു സ്വര്‍ണമുതലാളിയായ കല്ലറയ്ക്കലിന്റെ കയ്യിലാണ്. ഇപ്പോള്‍ കല്ലറയ്ക്കലിന്റെ മുകളിലാണ് റിയല്‍ എസ്‌റ്റേറ്റ് പരുന്തുകള്‍ പറക്കുന്നത്.
keywords : kasaragod-kfc-alukkas

Post a Comment
0 Comments