കാഞ്ഞങ്ങാട് (www.evisionnews.in): വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനായ സംസ്ഥാന അധ്യാപക ദിനാഘോഷ ചടങ്ങുകള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിന് അമ്പതോളം കെ.എസ്.ടി.എ പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ശനിയാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് അധ്യാപക സമൂഹത്തെ നാണിപ്പിച്ച നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എം.എസ് ജയ സ്വാഗത പ്രസംഗം നടത്തുമ്പോഴാണ് കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തില്‍ ഒരു കൂട്ടം അധ്യാപകര്‍ മുദ്രാവാക്യം മുഴക്കി വേദിയിലേക്ക് നീങ്ങിയത്. പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യാപകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ട് അധ്യാപക നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും മുദ്രാവാക്യം വിളി തുടര്‍ന്നു.
വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യാന്‍ എഴുന്നേറ്റതോടെ സദസില്‍ ഉന്തും തള്ളുമായി. പ്രതിഷേധക്കാരെ ഒടുവില്‍ പോലീസ് തള്ളി ഹാളില്‍ നിന്ന് പുറത്തേക്ക് നീക്കി. ദ്രുതകര്‍മ്മ സേന മന്ത്രിക്ക് വലയം തീര്‍ത്തരംഗത്തിറങ്ങി. തുടര്‍ന്ന് പരിപാടികള്‍ സാധാരണ നിലയില്‍ നടന്നു.
രാവിലെ പത്ത് മണിക്കായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് എത്തുമ്പോള്‍ ഒന്നരമണിക്കൂര്‍ വൈകിയിരുന്നു. പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധ്രുതകര്‍മ്മ സേനയെ വിന്യസിച്ചും വന്‍ പോലീസ് സന്നാഹം ഒരുക്കിയിരുന്നു.
പ്രതിഷേധത്തിനിടെ ബലം പ്രയോഗിച്ച് സമരക്കാരെ നീക്കാനുള്ള പോലീസ് ശ്രമത്തിനിടെ കെ.എസ്.ടി.എ പ്രവര്‍ത്തകരും പ്രതിരോധിച്ച് നിന്നത് ഏറെ നേരം വാക്കേറ്റത്തിന് ഇടയാക്കി. ഇതിനിടെ വേദിയില്‍ മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടന പ്രസംഗം ആരംഭിക്കുകയായിരുന്നു. കെ.എസ്.ടി.എയുടെ പ്രതിഷേധത്തിന് കനത്ത ഭാഷയിലാണ് മന്ത്രി മറുപടി നല്‍കിയത്. അധ്യാപക ദിനാഘോഷത്തിന്റെ ചരിത്രത്തിലില്ലാത്തതാണ് ഈ സംഭവമെന്നും ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നേടാന്‍ ആരും നോക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
Keywords: Kasaragod-news-teachers-day-police-abdurrabb-news-ksta-minister

Post a Comment
0 Comments