കാസര്‍കോട് : (www.evisionnews.in) ട്രെയിനില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍. കാഞ്ഞങ്ങാട് സൗത്തിലെ രമേശനെ (42)യാണ് കാസര്‍കോട് റെയില്‍വേ പോലീസ് എസ് ഐ പി രാമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കോയമ്പത്തൂര്‍ മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം.
മണിപ്പാലില്‍ പഠിക്കുന്ന തലശ്ശേരി പാനൂര്‍ സ്വദേശനിയായ 21 കാരിയാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ,വിദ്യാര്‍ത്ഥി മണിപ്പാലിലേക്ക് പോകാനായി തലശ്ശേരിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. കോഴിക്കോട് നിന്ന് ട്രെയിനില്‍ കയറിയ പ്രതി വിദ്യാര്‍ത്ഥിനി കയറിയ അതേ കോച്ചിലെ യാത്രക്കാരനായിരുന്നു. ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വിട്ടതോടെ ഈ ബോഗിയില്‍ യാത്രക്കാരും കുറഞ്ഞു വന്നു. ഇതോടെ സീറ്റില്‍ തനിച്ചായ വിദ്യാര്‍ത്ഥിനി കിടന്നുറങ്ങി. ഇതിനിടയിലാണ് ട്രെയിന്‍ തൃക്കരിപ്പൂരിനടുത്ത് എത്തിയപ്പോള്‍ പ്രതി വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് സ്പര്‍ശിച്ചത്. ഇതോടെ ഞെട്ടിയുണര്‍ന്ന വിദ്യാര്‍ത്ഥിനി ബഹളം വെക്കുകയും മറ്റു യാത്രക്കാര്‍ ഇടപ്പെടുകയും ചെയ്തു. യാത്രക്കാരിലൊരാള്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവിടെ നിന്നും കാസര്‍കോട് റെയില്‍വേ പോലീസിന് വിവരം നല്‍കുകയും റെയില്‍വേ പോലീസ് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിച്ച് ട്രെയിന്‍ അവിടെ എത്തിയപ്പോള്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് സ്പര്‍ശിച്ച് മാനഹാനി വരുത്തിയെന്നതിനാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി.
Keywords: kasaragod-train-student-Kanhangad

Post a Comment
0 Comments