Type Here to Get Search Results !

Bottom Ad

ജനകീയം ജനസമക്ഷം- നിര്‍ദ്ദേശങ്ങളുമായി ജനങ്ങള്‍ പരിഹാരവുമായി എംപി


കാസര്‍കോട് (www.evisionnews) ആകാശവാണി നിലയം, പാസ്‌പോര്‍ട്ട് സേവാകേന്ദ്രം, കേന്ദ്രസര്‍വ്വകലാശാലയുടെ മെഡിക്കല്‍ കോളേജ്, റെയില്‍വേ സൗകര്യങ്ങള്‍, ദേശീയപാതാ വികസനം, കുടിവെളള പ്രശ്‌നം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്  കേന്ദ്രസഹായം എന്നിങ്ങനെ ജില്ലയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങള്‍ ജനങ്ങള്‍  പി. കരുണാകരന്‍ എംപിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു.  പാര്‍ലമെന്റിനകത്തും പുറത്തും ജില്ലയുടെ  സമഗ്രവികസനത്തിനായി  നടത്തുന്ന പ്രവര്‍ത്തനങ്ങളും  പ്രക്ഷോഭങ്ങളും  അക്കമിട്ട് നിരത്തി  എംപി  ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കും  മറുപടി  നല്‍കി.  ആകാശവാണി കണ്ണൂര്‍ നിലയം  കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ  സഹകരണത്തോടെ  കളക്ടറേറ്റ് കോണ്‍ഫറന്‍സ്  ഹാളില്‍ സംഘടിപ്പിച്ച  ജനകീയം ജനസമക്ഷം പരിപാടിയിലാണ് ജില്ലയുടെ വിവിധ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത്.
രാജ്യത്ത് ആദ്യമായാണ്  ഒരു ആകാശവാണി നിലയം  പാര്‍ലമെന്റംഗവുമായി  സംവദിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി പി. കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ആകാശവാണി  കണ്ണൂര്‍ നിലയം  പ്രോഗ്രാം ഹെഡ് കെ. ബാലചന്ദ്രന്‍ പരിപാടി വിശദീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, പ്രസ് ക്ലബ്ബ്  പ്രസിഡണ്ട് എം.ഒ വര്‍ഗ്ഗീസ്, സണ്ണിജോസഫ്, കാസര്‍കോട് പീപ്പിള്‍സ് ഫോറം സെക്രട്ടറി  പി വിജയന്‍, ആകാശവാണി  കണ്ണൂര്‍ നിലയം  അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.വിപ്രേമരാജന്‍, പ്രോഗ്രാം എക്‌സിക്യൂട്ടീവ് പി.പി പ്രശാന്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട്ട്   ആകാശവാണി എഫ് എം നിലയം ആരംഭിക്കണമെന്നും അതുവരെ  കണ്ണൂര്‍ നിലയത്തിന്റെ  പ്രസരണശേഷി കൂട്ടണമെന്നും ആവശ്യമുയര്‍ന്നു.  ഈ വിഷയം  വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കണ്ണൂര്‍ എഫ്.എം  നിലയത്തിന്റെ പ്രസരണശേഷി ആറ് കെവിയില്‍ നിന്നും 10 കെവി യായി വര്‍ദ്ധിപ്പിക്കുമെന്നും  കാസര്‍കോട് ജില്ലയില്‍ എഫ്എം നിലയം  സ്വകാര്യമേഖലയില്‍  ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും  മന്ത്രി അറിയിച്ചതായി  എം പി പറഞ്ഞു. കാസര്‍കോട് ആകാശവാണി  നിലയത്തിനായി  സാധ്യതാപഠനം നടത്തുന്നതിനും ഉടന്‍ നടപടിയെടുക്കും. ബൈന്ദൂര്‍- കണ്ണൂര്‍ പാസഞ്ചറിന്റെ സമയക്രമം മാറ്റണമെന്നും  ഗുരുവായൂരിലേക്ക് നീട്ടണമെന്നുമുളള ആവശ്യവും പരിപാടിയില്‍ ഉന്നയിച്ചു.  വിഷയം കേന്ദ്ര റയില്‍വേ മന്ത്രാലയത്തിന്റെ  പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് എംപി അറിയിച്ചു. സമയക്രമത്തില്‍  മാറ്റം വരുത്തുന്നതിന്  ബന്ധപ്പെട്ട കമ്മിറ്റിയോട്  ആവശ്യപ്പെടും. ജില്ലാ ആസ്ഥാനമായ  കാസര്‍കോട് റയില്‍വേ സ്റ്റേഷനില്‍ രാജധാനി എക്‌സ്പ്രസ് നിര്‍ത്തുന്നതിന്  നടപടി വേണമെന്നും കേന്ദ്രസര്‍വ്വകലാശാലയ്ക്ക്  അനുവദിച്ച  മെഡിക്കല്‍ കോളേജിന്റെ  ഭാഗമായുളള ആശുപത്രിയും ഗവേഷണകേന്ദ്രവും   ആരംഭിക്കാന്‍ അടിയന്തിര നടപടി  സ്വീകരിക്കണമെന്നും  എംപി യോട് ആവശ്യപ്പെട്ടു.  മടിക്കൈ ഐഎച്ച്ആര്‍ഡി മോഡല്‍ കോളേജിന് സര്‍ക്കാര്‍ ഭൂമിയും  കേന്ദ്രഫണ്ടും അനുവദിക്കണമെന്നും  ബാവിക്കര  കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ എംപി ഇടപെടണമെന്നും  ആവശ്യം ഉയര്‍ന്നു. മംഗലാപുരം  വഴി പോകുന്ന യശ്വന്തപൂര്‍- കണ്ണൂര്‍ എക്‌സ്പ്രസിന്റെ  പേര് തുളുനാട് എക്‌സ്പ്രസ് എന്നും കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ വഴി പോകുന്ന യശ്വന്ത്പുര്‍ എക്‌സ്പ്രസിന്റെ പേര് പഴശ്ശിരാജ എക്‌സ്പ്രസ് എന്ന് മാറ്റണമെന്നും റയില്‍വേ യാത്രക്കാരുടെ സംഘടനാ പ്രതിനിധി ആവശ്യപ്പെട്ടു.  കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍  ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്ക്  ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കണമെന്നും ആവശ്യമുയര്‍ന്നു.  നീലേശ്വരം- ചെര്‍ക്കള ,കുമ്പള- മഞ്ചേശ്വരം ദേശീയ പാത വികസനത്തിന് 30 കോടി രൂപ  കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും  എംപി പറഞ്ഞു.
ദേശീയ പാതയുടെ ശോചനീയാവസ്ഥ  മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.  ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ  പ്രശ്‌നങ്ങള്‍ അടിയന്തിര  പ്രമേയമായി  പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും ജില്ലയില്‍  കേന്ദ്രസര്‍വ്വകലാശാലയ്ക്കു കീഴില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനായി  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി  ചര്‍ച്ച നടത്തിയിരുന്നുവെന്നും  അദ്ദേഹം പറഞ്ഞു.  കേന്ദ്രമാനവിഭവശേഷി മന്ത്രിയുമായും  കേന്ദ്രസര്‍വ്വകലാശാലയെ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു ജില്ലയിലെ വിവിധ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ക്ക് മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയം ജനസമക്ഷം കാസര്‍കോട് ജില്ലാതലഉദ്ഘാടന പരിപാടി ഈ മാസം 24ന് രാവിലെ 7.05നും 7.35നും കണ്ണൂര്‍ ആകാശവാണി നിലയം പ്രക്ഷേപണം ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad