കാസര്‍കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയില്‍ പൊലിസ് കൊണ്ടുവന്ന പ്രതിയുടെ ആക്രമണത്തില്‍ മരണപ്പെട്ട ഡോ. വന്ദന ദാസിന്റ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐഎംഎ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് പ്രതിഷേധ യോഗവും മാര്‍ച്ചും നടത്തി.
ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ആശുപത്രി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്നതും ആശുപത്രികളെ സംരക്ഷിത മേഖലയായി പ്രഖ്യപിക്കണമെന്നതും ഡോക്ടര്‍മാരുടെ സംഘടനകളായ ഐഎംഎയും കെജിഎംഒഎയും കാലങ്ങളായ ആവശ്യമാണ്. ആശുപത്രി അക്രമണ കേസുകളില്‍ പൊലിസ് ഫലപ്രദമായി ഇടപെടുന്നില്ലെന്നും എളുപ്പത്തില്‍ ജാമ്യം കിട്ടാവുന്ന വിധത്തിലാണ് കേസുകള്‍ ഫ്രെയിം ചെയ്യുന്നതെന്ന് പരാതിയുമുണ്ട്.
ആശുപത്രി അക്രമണ കേസുകളില്‍ ഒരു മണിക്കൂറിനകം എഫ്‌ഐആര്‍ ഇടണമെന്ന ആവശ്യവും പലപ്പോഴും നടപ്പിലാവുന്നില്ല. ഇത്തരം കേസുകളില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. അതിനിടയിലാണ് കഴിഞ്ഞ ദിവസം അക്രമണ സംഭവം ഉണ്ടാവുകയും ഒരു വനിതാ യുവഡോക്ടര്‍ കൊല്ലപ്പെടുകയും ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ മുതല്‍ സര്‍ക്കാര്‍ സ്വകാര്യ മേഖയിലെ ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌ക്കരിച്ച് സമരത്തിലാണ്. ആശുപത്രികളില്‍ സായുധ പൊലിസിനെ നിയമിക്കണമെന്നും കാഷ്യലിറ്റിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നുമാണ് പുതിയ സാഹചര്യത്തില്‍ ഐഎംഎ യും കെജിഎംഒഎയുടെയും ആവശ്യം.
സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. പ്രതിഷേധ മാര്‍ച്ച് ഐഎംഎ. ജില്ലാ ചെയര്‍മാന്‍ ഡോ. സുരേഷ് ബാബു പി.എം ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ ഡോ. ബി നാരായണ നായിക്, കെജിഎംഒഎ സ്റ്റേറ്റ് കമ്മിറ്റി അംഗം ഡോ. ജമാല്‍ അഹമ്മദ് എ, ഐഎംഎ കാസര്‍കോട്് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഗണേഷ് മയ്യ, കാഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ടി.വി പത്മനാഭന്‍, ഡോ. മായ മല്ല്യ, ഡോ. ടി കാസിം, ഡോ. ജനാര്‍ദ്ദന നായിക് സംസാരിച്ചു. പ്രതിഷേധ മാര്‍ച്ച് ജനറല്‍ ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച് എം.ജി റോഡ്, ട്രാഫിക്ക് ജംഗ്ഷന്‍, കെപിആര്‍ റാവു റോഡ് വഴി നഗരം ചുറ്റി ജനറല്‍ ആശുപത്രി പരിസരത്ത് അവസാനിച്ചു.
വനിതാ ഡോക്ടറുടെ കൊലപാതകം: ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധിച്ചു
4/
5
Oleh
evisionnews