Monday, 3 April 2023

മരാമത്ത് പ്രവൃത്തി നിരീക്ഷിക്കാന്‍ 'മൂന്നംഗ സമിതി' കലക്ടറോട് അന്വേഷണം ആവശ്യപ്പെട്ട് എം.എല്‍.എ


കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ടെണ്ടര്‍ ചെയ്ത കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡ് വികസനവും സൗന്ദര്യ വത്കരണവും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി നിരീക്ഷിക്കാന്‍ മൂന്നംഗ നിരീക്ഷണ സമിതി വന്നുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുക യാണെന്നും ഇതിനുത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ജില്ലാ കലക്റ്റര്‍ സ്വാഗത് ഭണ്ഡാരി റണ്‍വീര്‍ ചന്ദിന് കത്ത് നല്‍കി. പൊതുമരാമത്ത് വകുപ്പിന്റെ നിരത്ത് വിഭാഗമാണ് പ്രവൃത്തി ടെണ്ടര്‍ ചെയ്തത്. നിര്‍മാണ ചുമതലയും ഇവര്‍ക്ക് തന്നെയാണ്.

അഞ്ചു കോടി രൂപയുടെ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത് സുബിന്‍ ആന്റണി എന്ന കരാറുകാരനാണ്. ഇതിനിടയിലാണ് 'കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ ബ്യൂട്ടിഫിക്കേഷന്‍ വര്‍ക്ക്ച മൂന്നംഗ നിരീക്ഷണ സമിതി നിലവില്‍ വന്നു' എന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫത്താഹ് ബങ്കര, ആര്‍. പ്രശാ ന്ത് കുമാര്‍, കെ.എ മുഹമ്മദ് ബഷീര്‍ എന്നിവരടങ്ങുന്നതാണ് മൂന്നംഗ സമിതി. കാസര്‍കോട് പ്രദേശത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പൊതുമരാമത്ത് വകുപ്പിന്റെ കരാര്‍ നിരീക്ഷിക്കാനായി പുറമെ നിന്ന് ഒരു സമിതി ഉണ്ടാക്കുന്നതെന്നാണ് ഫത്താഹ് ബങ്കര 73569 90252 വാട്‌സാപ് കുറിപ്പില്‍ പറയുന്നത്.

സര്‍ക്കാറിന്റെ പദ്ധതിയായ കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് പണം ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ടെണ്ടര്‍ ചെയ്ത പ്രവൃത്തിയുടെ മേല്‍ നോട്ട ത്തിനു ഒരു സമിതി പുറമെ നിന്ന്എങ്ങനെയാണുണ്ടാകുക എന്ന് മനസിലാകുന്നില്ല. ഇതു സര്‍ക്കാര്‍ നിയോഗിച്ച സമിതി യാണോ എന്നറിയാന്‍ താല്‍പ ര്യമുണ്ട്. കടലാസ് സംഘടനയുണ്ടാക്കി പൊതു പ്രവര്‍ത്തകരാണെന്ന വ്യാജേന ഉദ്യോഗസ്ഥരേയും കരാറുകാരെയും പലതരത്തില്‍ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ പരസ്യമായ രഹസ്യമാണ്. പലരും അധികൃതര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കാറില്ല. കൂടുതല്‍ പീഡനം ഭയന്നും വയ്യാവേലി വേണ്ട എന്നു കരുതിയും മാത്ര മാണ് പലരും മിണ്ടാതിരിക്കുന്നത്.

എന്നാല്‍ ഇതുമൂലം നഷ്ടം നാട്ടുകാര്‍ക്കും സര്‍ക്കാറിനുമാണ്. എത്രയോ കരാറുകാര്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ ആരംഭിക്കാതെ പിന്‍മാറിയിട്ടുണ്ട്. ചിലര്‍ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. മറ്റൊന്നും കൊണ്ടല്ല, പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന നിരീക്ഷണ സമിതിക്കാരുടെ പീഡനം ഭയന്നാണ്. ഈ ദുര്‍ഗതി കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തിന്റെ സൗന്ദര്യ വല്‍ക്കരണത്തിനു ഉണ്ടാകാന്‍ പാടില്ല. മൂന്നംഗ നിരീക്ഷണ സമിതി നിലവില്‍ വന്നു എന്ന വാട്‌സപ്പ് കുറിപ്പിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരണം. ഇങ്ങനെയൊരു നിരീക്ഷണ സമിതിക്കു ഔദ്യോഗിക അംഗീകാരമുണ്ടോ? ഇല്ലെങ്കില്‍ കലക്റ്ററേയും കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസറേയും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറേയും നോക്കുകുത്തികളാക്കി വാട്ട്‌സ് ആപ്പില്‍ ഇങ്ങനെയൊരു വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഇവര്‍ക്കെങ്ങനെ ധൈര്യമുണ്ടായി എന്നതിനെ കുറിച്ചന്വേഷിക്കണം. ഇതിനുത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ കലക്റ്റര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

Related Posts

മരാമത്ത് പ്രവൃത്തി നിരീക്ഷിക്കാന്‍ 'മൂന്നംഗ സമിതി' കലക്ടറോട് അന്വേഷണം ആവശ്യപ്പെട്ട് എം.എല്‍.എ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.