കാസര്‍കോട്: പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വീസില്‍ നിന്ന് നീക്കി. കേരള പൊലീസ് ആക്ടിലെ 86 (3) വകുപ്പ് അനുസരിച്ചാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു.
ശിക്ഷണ നടപടികളുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവി അദ്ദേഹത്തെ നേരില്‍ കേട്ട് വാദങ്ങള്‍ വിലയിരുത്തി. അവ പരിഗണിച്ച സംസ്ഥാന പൊലീസ് മേധാവി ആ വാദഗതികള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടനടി പ്രാബല്യത്തില്‍ വരത്തക്കവിധം സര്‍വീസില്‍ നിന്നു നീക്കം ചെയ്ത് ഉത്തരവു പുറപ്പെടുവിച്ചത്.
ശിക്ഷണ നടപടികള്‍ പലതവണ നേരിട്ടിട്ടും ഈ ഉദ്യോഗസ്ഥന്‍ തുടര്‍ച്ചയായി ഇത്തരം കേസുകളില്‍ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാല്‍ പോലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നു കണ്ടെത്തിയാണ് നടപടി. ഈ ഓഫീസര്‍ 2006 മുതല്‍ വിവിധ അച്ചടക്ക നടപടികളുടെ ഭാഗമായി നാലുതവണ സസ്‌പെന്‍ഷനില്‍ ആവുകയും 11തവണ വകുപ്പുതല നടപടികള്‍ക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തല്‍, നിരപരാധികളെ കേസില്‍പ്പെടുത്തല്‍ അനധികൃതമായി അതിക്രമിച്ച് കടക്കല്‍ മുതലായ കുറ്റങ്ങള്‍ക്കാണ് നടപടികള്‍ നേരിട്ടത്.
പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം; കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്ന് നീക്കി
4/
5
Oleh
evisionnews