Wednesday, 15 March 2023

സൗജന്യ ഡയാലിസിസുമായി കാസര്‍കോടിന്റെ 'അഭയം' നാളെ തുറക്കും


വിദ്യാനഗര്‍: വൃക്കരോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് അഭയം ഡയാലിസിസ് സെന്റര്‍ നാളെ പ്രവര്‍ത്തനം തുടങ്ങും. അഭയം ട്രസ്റ്റ് വിദ്യാനഗറിന് സമീപം ബാരിക്കാട്ട് 12,000 സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മിച്ച മൂന്നുനില അഭയം ഡയാലിസിസ് സെന്റര്‍ നാളെ കുമ്പോല്‍ സയ്യിദ് കെ.എസ് ഉമര്‍ കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ പ്രവര്‍ത്തനം ആരംഭിക്കും. നാലു മണിക്ക് ഉദ്ഘാടന സെഷനില്‍ ഫിലിപ്പ് മമ്പാട്, യാസര്‍ വാഫി എന്നിവര്‍ പ്രഭാഷണം നടത്തും. മുനവ്വര്‍ ശുഹൈബിന്റെ മ്യൂസിക്കും അരങ്ങേറും.

അഭയം ഡയാലിസിസ് സെന്ററില്‍ ഡയാലിസിസ് പൂര്‍ണമായും സൗജന്യമാണ്. ഒന്നാംഘട്ടത്തില്‍ 16 ഡയാലിസിസ് മെഷീനുകളുമായാണ് തുടക്കം. ഒരു ദിവസം 45 പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ പറ്റും. ഇവര്‍ക്ക് ഭക്ഷണവും സൗജന്യമായി നല്‍കും. രണ്ടാംഘട്ടത്തില്‍ ഫാര്‍മസി, ലാബ് അടക്കമുള്ള കമ്മ്യൂണിറ്റി ക്ലീനിക്കും പ്രവര്‍ത്തനം ആരംഭിക്കും. ഇവയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസും കോണ്‍ഫറന്‍സ് ഹാളുമൊക്കെ അടങ്ങുന്നതാണ് കെട്ടിടം.

വര്‍ഷങ്ങളായി സൗജന്യ ഡയാലിസിസ് പ്രവര്‍ത്തനവുമായി ശ്രദ്ധേയമായി മുന്നേറുന്ന അഭയം ട്രസ്റ്റ് നേരത്തെ തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയിലാണ് തങ്ങളുടെ സേവനം നടത്തിയിരുന്നത്. ബാരിക്കാട്ട് 26 സെന്റ് സ്ഥലത്ത് മൂന്ന് നില സ്വന്തം കെട്ടിടം യാഥാര്‍ഥ്യമായതോടെ നാളെ മുതല്‍ പ്രവര്‍ത്തനം അവിടെ ആരംഭിക്കുകയാണെന്ന് അഭയം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഖയ്യും മാന്യ പറഞ്ഞു. ട്രസ്റ്റില്‍ അഞ്ച് ട്രസ്റ്റിമാരാണുള്ളത്. ജില്ലയിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് കേന്ദ്രമാണിത്.






Related Posts

സൗജന്യ ഡയാലിസിസുമായി കാസര്‍കോടിന്റെ 'അഭയം' നാളെ തുറക്കും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.