Friday, 24 February 2023

റിലയന്‍സിനെ വീഴ്ത്തി മലയാളി; മൂന്ന് രൂപ അധികം ഈടാക്കിയതിന് പതിനായിരം രൂപ നഷ്ടപരിഹാരം വാങ്ങിയെടുത്ത നിയമ പോരാട്ടം


കോട്ടയം (www.evisionnews.in): രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ വില്‍പന സ്ഥാപനമായ റിലയന്‍സിനെ മുട്ടുകുത്തിച്ച് മലയാളി. വെളിച്ചെണ്ണയ്ക്ക് അമിത വില ഈടാക്കിയ ചങ്ങനാശ്ശേരിയിലെ റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിനെതിരെയായിരുന്നു പോരാട്ടം. ഒന്നര വര്‍ഷത്തോളം സ്വയം കേസ് വാദിച്ചാണ് വിനോജ് ആന്റണി ജയിച്ചത്. റിലയന്‍സില്‍ നിന്ന് പതിനായിരം രൂപ നഷ്ടപരിഹാരം ഈടാക്കി വിനോജിന് നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

2021 സെപ്തംബര്‍ ഏഴിനാണ് ചങ്ങനാശ്ശേരി മാമ്മൂടുകാരന്‍ വിനോജ് ആന്റണിയും റിലയന്‍സ് സ്മാര്‍ട്ട് കമ്ബനിയും തമ്മിലുള്ള നിയമ പോരാട്ടം തുടങ്ങിയത്. പാറേപ്പള്ളിക്കടുത്തുള്ള റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വിനോജ് ഒരു ലിറ്റര്‍ വെളിച്ചെണ്ണ വാങ്ങിയിരുന്നു. കവറില്‍ 235രൂപ എം ആര്‍ പി വില രേഖപ്പെടുത്തിയിരുന്ന വെളിച്ചെണ്ണയ്ക്ക് വിനോജില്‍ നിന്ന് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ഈടാക്കിയത് 238 രൂപയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാര്‍ വിനോജിനെ കടയില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തത്.

ഇതു സംബന്ധിച്ച് റിലയന്‍സ് സ്മാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറില്‍ പരാതി പറഞ്ഞപ്പോള്‍ അവര്‍ ശരിയായ രീതിയില്‍ അല്ല പ്രതികരിച്ചത്. തുടന്ന് കോട്ടയത്തെ ഉപഭോക്തൃ കോടതിയില്‍ വിനോജ് കേസ് കൊടുത്തു. മൂന്നു രൂപ അധിക വില ഈടാക്കിയതിനെതിരെ ഒന്നര വര്‍ഷത്തോളം ഇയാള്‍ സ്വയം കേസ് വാദിച്ചു. ഒടുവില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി വന്നു. മൂന്ന് രൂപ അധികം ഈടാക്കുകയും അത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഉപഭോക്താവിനെ ഇറക്കിവിടുകയും ചെയ്ത സംഭവത്തില്‍ വിനോജിന് റിലയന്‍സ് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്.

Related Posts

റിലയന്‍സിനെ വീഴ്ത്തി മലയാളി; മൂന്ന് രൂപ അധികം ഈടാക്കിയതിന് പതിനായിരം രൂപ നഷ്ടപരിഹാരം വാങ്ങിയെടുത്ത നിയമ പോരാട്ടം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.