Saturday, 28 January 2023

യുകെയില്‍ വിദ്യാര്‍ഥി വിസ നിയന്ത്രണവും ജോലി നിരോധനവും; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നെഞ്ചിടിപ്പേറുന്നു


ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രത്യേകിച്ച് മലയാളികളുടെ സ്വപ്ന ഭൂമിയായി തലയെടുപ്പോടെ നില്‍ക്കുന്ന സൂര്യനസ്തമിക്കാത്ത രാജ്യത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ കടുകട്ടിയാവുമ്പോള്‍ സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന വിദ്യാര്‍ഥികളുടെ നെഞ്ചുപിളര്‍ക്കുന്ന വിഷയമായി വലിയൊരു ഇരുട്ടടിയായി മാറുകയാണ് ഭാവിയില്‍.

സ്റ്റുഡന്റ് വിസ സമ്പ്രദായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ തുറന്നു പറയുമ്പോള്‍ ലക്ഷങ്ങള്‍ വായ്പ്പയെടുത്ത് വിദേശത്തേയ്ക്ക് കുടിയേറി കുടുംബത്തെയും കുടുംബാംഗങ്ങളെയും കരകയറ്റാമെന്ന പ്രതീക്ഷകളുടെ കടയ്‌ക്കെല്‍ സര്‍ക്കാര്‍ കത്തിവെച്ചത് മലയാളി വിദ്യാര്‍ഥികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിയ്ക്കയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകളും ഇതിനെ സാധൂകരിക്കുന്നതാണ്. 

ബ്രിട്ടനില്‍ ഉന്നത പഠനം നടത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യക്കാരാണ് ഒന്നാമത്. 2021 ജൂലൈയില്‍ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് വിസ നേടുന്നതില്‍ ഇന്ത്യക്കാരാണ് ഏറ്റവും മുന്നില്‍, 41 ശതമാനം. യുകെയില്‍ 6.80 ലക്ഷം വിദേശ വിദ്യാര്‍ഥികളുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു. ഏതാണ്ട് 200 ഓളം യൂണിവേഴ്‌സിറ്റികളാണ് യുകെയിലുള്ളത്.

യുകെയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന്റെ ചുവടുപിടിച്ചുള്ളതാണ് ഹോം സെക്രട്ടറി സുവെല്ല ബ്രാവര്‍മാന്റെ പദ്ധതികള്‍. ഇതാണിപ്പോള്‍ മലയാളികള്‍ക്ക് ഇരുട്ടടിയായി മാറുന്നത്.

പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പോലുള്ള സൗകര്യങ്ങളായിരിക്കും പ്രധാനമായും പരിമിതപ്പെടുത്തുക. പഠനശേഷം രാജ്യത്ത് തങ്ങുന്നതിന് അനുവദിച്ചിരിക്കുന്ന കാലാവധി ആറു മാസമായി കുറച്ചേക്കും. സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ക്ക് പിന്നീട് കുടുംബാംഗങ്ങളെ കൂടെ കൂട്ടുന്നതിനും നിയന്ത്രണങ്ങള്‍ വരും. ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാനാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കായി വാദിക്കുന്നത്. എന്നാല്‍, വിദ്യാഭ്യാസ വകുപ്പ് ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. വിദേശ വിദ്യാര്‍ഥികളുടെ സാന്നിധ്യം ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെ പ്രധാന വരുമാന മാര്‍ഗമാണ്. കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വിദേശ വിദ്യാര്‍ഥികള്‍ക്ക് യുകെയോടുള്ള താല്‍പര്യം കുറയ്ക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക.

Related Posts

യുകെയില്‍ വിദ്യാര്‍ഥി വിസ നിയന്ത്രണവും ജോലി നിരോധനവും; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നെഞ്ചിടിപ്പേറുന്നു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.