Type Here to Get Search Results !

Bottom Ad

ബേക്കലിന്റെ ഉത്സവ രാവിന് നാളെ തിരശീല ഉയരും


കാസര്‍കോട്: പത്തു ദിനരാത്രങ്ങളില്‍ ബേക്കലിന്റെ തീരത്തെ ആഘോഷ ലഹരിയിലാഴ്ത്തുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് ശനിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ തുടക്കമാകും. കേരളത്തില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിനെത്തുന്ന ഓരോരുത്തരെയും കാത്ത് അവിസ്മരണീയമായ കാഴ്ചകളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഇരുന്നൂറില്‍പ്പരം സ്റ്റാളുകളാണ് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

പരിപാടിയുടെ ഭാഗമായി ഒരുക്കിയ നവോത്ഥാന ചിത്രമതില്‍ മുഖ്യമന്ത്രി പിണറായി വിജയനും റോബോട്ടിക് ഷോ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പുഷ്പപ്രദര്‍ശനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയും ഉദ്ഘാടനം ചെയ്യും. സഞ്ചാരികളെ ആകര്‍ഷിക്കുന്ന ബേക്കല്‍ ബീച്ചിന്റെ വാനില്‍ വര്‍ണ വിസ്മയങ്ങളുമായി പട്ടം പറത്തല്‍ മേളയുമുണ്ടാകും.

കലാസാംസ്‌ക്കാരിക സന്ധ്യ, പ്രാദേശിക കലാപരിപാടികള്‍, ഫുഡ്ഫെസ്റ്റിവല്‍ എന്നിവ കാഴ്ച്ചക്കാരുടെ മനംകവരും. പ്രദര്‍ശനങ്ങള്‍ക്കും പരിപാടികള്‍ക്കും പുറമെ ബീച്ച് സ്പോര്‍ട്സാണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. പ്രതിദിനം അരലക്ഷം കാഴ്ചക്കാരെ പ്രതീക്ഷിക്കുന്ന ഫെസ്റ്റിവലിനായി ചന്ദ്രഗിരി, തേജസ്വിനി, പയസ്വിനി എന്നീ പേരുകളിലുള്ള വേദികള്‍ തയ്യാറായിക്കഴിഞ്ഞു. പ്രധാന വേദിയായ ചന്ദ്രഗിരിയില്‍ ദേശീയ കലാകാരന്മാരുടെ പ്രകടനങ്ങളും, തേജസ്വിനിയില്‍ കുടുംബശ്രീ പ്രവര്‍ത്തകുരുടെ പരിപാടികളും, പയസ്വിനിയില്‍ ജില്ലയിലെ പ്രാദേശിക കലാകാരന്മാരുടെ തിരഞ്ഞെടുത്ത പരമ്പരാഗത തനത് കലാരൂപങ്ങളും ഒരേ സമയം അവതരിപ്പിക്കും വിധമാണ് ക്രമീകരണങ്ങള്‍. പ്രധാന വേദിയില്‍ രാഷ്ട്രീയ സാംസകാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന സാംസ്‌കാരിക പ്രഭാഷണങ്ങളുമുണ്ടാകും.

കാസര്‍കോടിന്റെ രുചിപ്പെരുമയുമായി ഭക്ഷ്യമേള, ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന പവലിയന്‍, വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സിംപോസിയങ്ങളും മേളയിലുണ്ടാകും. ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച ബേക്കല്‍ കോട്ടയിലെ വൈദ്യുതാലങ്കാരവും മനോഹര കാഴ്ച സമ്മാനിക്കും.

ഇനിയുള്ള പത്ത് രാത്രികളെ കലാസ്വാദനത്തിന്റെ വേറിട്ട തലത്തിലെത്തിക്കാന്‍ നൂറിന്‍ സിസ്റ്റേഴ്സ്, സിത്താര കൃഷ്ണകുമാര്‍, ശബ്നം റിയാസ്, പ്രസീത ചാലക്കുടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സ്റ്റീഫന്‍ ദേവസ്സി, നിര്‍മല്‍ പാലാഴി, രാജ് കലേഷ് തുടങ്ങിയവര്‍ എത്തും. ഫൈസ്റ്റിനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ അനുഭവവേദ്യമാക്കുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'യാത്രാശ്രീ' എന്ന പേരില്‍ പ്രത്യേക പാക്കേജുമുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad