Type Here to Get Search Results !

Bottom Ad

മുന്നാക്ക സംവരണം നടപടി ശരിവച്ച് സുപ്രീം കോടതി


ന്യൂഡല്‍ഹി: തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10 ശതമാനം മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയ നടപടി സുപ്രീം കോടതി ശരിവച്ചു. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നാല് പേരും മുന്നാക്ക സംവരണത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജിച്ചു. മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജന വിധിയില്‍ പറയുന്നു.

ചീഫ്ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ പി പര്‍ദിവാല എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് പരിഗണിച്ചത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103ാം ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിഗണിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള സംവരണത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് വിധി കാരണമായേക്കുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ അവസാന പ്രവൃത്തി ദിവസത്തിലാണ് വിധിപ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

2019 ജനുവരിയില്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുദിച്ചതിനെതിരെ 39 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സംവരണം സാമ്പത്തിക ഉന്നമന പദ്ധതിയല്ലെന്നും പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ സാമ്പത്തികം മാത്രം മാനദണ്ഡമാക്കി സംവരണം നല്‍കാന്‍ കഴിയില്ല. സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

സംവരണ വിഭാഗങ്ങളുടെ സംവരണത്തെ ഒട്ടും ബാധിക്കാതെയാണ് മുന്നാക്ക സംവരണം അനുവദിച്ചതെന്നായിരുന്നു കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. പിന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. അതിനാല്‍ സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണെന്നു പറയാനാകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ ആറര ദിവസം നീണ്ട വാദമാണ് ഹര്‍ജികളില്‍ നടന്നത്. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഉള്‍പ്പെടെ പങ്കാളിയായി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad