Type Here to Get Search Results !

Bottom Ad

'കടക്ക് പുറത്ത്' പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് കനത്ത തിരിച്ചടി


കേരളം (www.evisionnews.in): മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച കണ്ണൂര്‍ സര്‍വകലാശാലയുടെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കി. ഹര്‍ജിക്കാരനായ എസ്ബി കോളേജ് മലയാള വിഭാഗം മേധാവി പ്രൊഫസര്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു.. പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. രാജ്യനിര്‍മിതിയുടെ പങ്കാളികളാണ് അധ്യാപകര്‍. അവിടെ യോഗ്യതയുള്ളവര്‍ വേണം. എങ്കിലെ പുതിയ തലമുറയെ നേര്‍വഴിയില്‍ നയിക്കാനാവൂവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാനാവില്ല. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രിയയ്ക്ക് യോഗ്യതയില്ലെന്നും കോടതി വ്യക്തമാക്കി. യുജിസിയുടെ നിബന്ധനകള്‍ക്കപ്പുറം പോകാന്‍ ഹൈക്കോടതിക്കും സാധ്യമല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഫെലോഷിപ്പോടെയുള്ള പിഎച്ച്ഡി ഡപ്യൂട്ടേഷനാണ്. എന്‍എസ്എസ് കോര്‍ഓര്‍ഡിനേറ്റര്‍ പദവിയും അധ്യാപക പരിചയമാക്കി കണക്കാക്കാനാവില്ല. ഈ കാലയളവില്‍ അധ്യാപനം നടത്തിയെന്ന് കാണിക്കാന്‍ പ്രിയയ്ക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ യോഗ്യതയുണ്ടെന്ന വാദം സാധൂകരിക്കാനാവില്ലന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രിയ വര്‍ഗീസിന്റെ യോഗ്യതകള്‍ അക്കാദമികമായി കണക്കാക്കാനാവില്ല. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മതിയായ കാലം പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കോടതി . അധ്യാപകര്‍ സമൂഹത്തെ വാര്‍ത്തെടുക്കേണ്ടവരാണ് എന്ന ഡോ. രാധാക്യഷ്ണന്റെ വാചകം ഉദ്ധരിച്ച് കൊണ്ടായിരുന്നു കോടതി വിധി പ്രസ്താവന ആരംഭിച്ചത്. വിദ്യാഭ്യാസം ജീവിതം തന്നെയാണ്, വിദ്യാഭ്യാസം മനുഷ്യന്റെ ആത്മാവാണ്, വിദ്യാര്‍ഥികള്‍ക്ക് വഴി കാട്ടി ആകേണ്ടവരാണ് അധ്യാപകര്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ജി നിലനില്‍ക്കില്ലെന്ന് പറഞ്ഞത് പ്രിയാ വര്‍ഗീസ് മാത്രമാണ്. സര്‍വകലാശാല പോലും പറഞ്ഞിട്ടില്ല. അസോ. പ്രൊഫസര്‍ തസ്തികയില്‍ പ്രവര്‍ത്തിപരിചയം അനിവാര്യമാണ്. സര്‍വകലാശാലയും കോളേജുകളും യുജിസി മാനദണ്ഡങ്ങള്‍ പാലിക്കണം. സര്‍ക്കാര്‍ പക്ഷം പിടിക്കരുത് എന്നും യുജിസി ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി പറഞ്ഞു.

ഹൈക്കോടതിക്കെതിരെ പോസ്റ്റിട്ട പ്രിയ വര്‍ഗീസിനെ വിധി പറയുന്നതിനിടെ കോടതി വിമര്‍ശിച്ചു. പ്രിയാ വര്‍ഗീസിന്റെ നിയമന വിഷയത്തില്‍ കുഴിവെട്ട് പരാമര്‍ശം നടത്തിയതായി ഓര്‍ക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. എന്‍എസ്എസ് പ്രവര്‍ത്തനത്തെ മോശമായി കണ്ടിട്ടില്ല. കുഴിവെട്ട് എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നും ജസ്റ്റിസ് പറഞ്ഞു.

എന്‍എസ്എസ് ക്യാമ്പില്‍ കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ലെന്ന് കോടതി ഇന്നലെ പറഞ്ഞിരുന്നു. എന്‍എസ്എസ് കോര്‍ഡിനേറ്ററായുള്ള പ്രവര്‍ത്തനം അധ്യാപക പരിചയം ആവില്ല. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും, സ്റ്റുഡന്റ് ഡയറക്ടറായിരുന്ന കാലത്ത് പഠിപ്പിച്ചിരുന്നോയെന്നും ഹൈക്കോടതി ചോദിച്ചു. ഇതിനെ വിമര്‍ശിച്ച് പ്രിയ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നതോടെ ഇതു മുക്കുകയും ചെയ്തിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad