Monday, 21 November 2022

പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിക്ക് ചട്ടംലംഘിച്ച് ആയുര്‍വേദ ചികിത്സ; ജയില്‍ സൂപ്രണ്ട് ഹാജരാകാന്‍ സി.ബി.ഐ കോടതി


കണ്ണൂര്‍ : പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ നല്‍കിയ സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സി.ബി.ഐ കോടതി. ജയില്‍ സൂപ്രണ്ട് നാളെ ഹാജരാകണമെന്നാണ് കോടതിയുടെ ഉത്തരവ്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും സി.പി.എം നേതാവുമായ പീതാംബരനെയാണ് സി.ബി.ഐ കോടതിയുടെ അനുമതിയില്ലാതെ സെന്‍ട്രല്‍ ജയില്‍ മെഡിക്കല്‍ ബോര്‍ഡ് 40 ദിവസത്തെ ആയുര്‍വേദ ചികിത്സക്ക് നിര്‍ദ്ദേശിച്ചത്. നിലവില്‍ പീതാംബരന്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ഓക്ടോബര്‍ 14 നാണ് പീതാംബരന് അസുഖമായതിനെ തുടര്‍ന്ന് ജയില്‍ ഡോക്ടറായ അമര്‍നാഥിനോട് പരിശോധിക്കാന്‍ ജയില്‍ സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കിയത്. പരിശോധിച്ച ശേഷം വിദഗ്ധ ചികിത്സ വേണമെന്ന് ജയില്‍ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. 19നാണ് പീതാംബരന് കിടത്തി ചികിത്സ വേണമെന്ന റിപ്പോര്‍ട്ട് വന്നത്.

തുടര്‍ന്ന് 24ന് സി.ബി.ഐ കോടതിയുടെ അനുമതി ഇല്ലാതെ ജയില്‍ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയായിരുന്നു. ഈ മെഡിക്കല്‍ ബോര്‍ഡ് പീതാംബരന് 40 ദിവസം ആസ്പത്രിയില്‍ കിടത്തി ചികിത്സ നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. പീതാംബരന് നടുവേദനയും മറ്റ് ചില അസുഖങ്ങളും ഉള്ളത് കൊണ്ടാണ് കിടത്തി ചികിത്സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 2019 ഫെബ്രുവരി 17നാണ് കൃപേഷും ശരത്‌ലാലും കൊലചെയ്യപ്പെട്ടത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്.

Related Posts

പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിക്ക് ചട്ടംലംഘിച്ച് ആയുര്‍വേദ ചികിത്സ; ജയില്‍ സൂപ്രണ്ട് ഹാജരാകാന്‍ സി.ബി.ഐ കോടതി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.