Friday, 25 November 2022

'ബ്രസീല്‍ ബിരിയാണി'; അര്‍ധരാത്രിയില്‍ പെരിന്തല്‍മണ്ണയില്‍ ഒഴുകിയെത്തിയത് 2000ലേറെ പേര്‍


പെരിന്തല്‍മണ്ണ: സെര്‍ബിയയെ വിറപ്പിച്ച് ബ്രസീലിയന്‍ താരങ്ങള്‍ പടയോട്ടം തുടങ്ങുംമുമ്പേ പെരിന്തല്‍മണ്ണയിലെ ബ്രസീല്‍ ആരാധകര്‍ ഉറപ്പിച്ചിരുന്നു, വിജയം കാനറിപ്പക്ഷികള്‍ക്കാണെന്ന്. അതുകൊണ്ടുതന്നെ 12.30ന് ഖത്തറില്‍ പോരാട്ടം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍ ഫാന്‍സിന്റെ വക 'ബ്രസീല്‍ ബിരിയാണി' വിതരണം തുടങ്ങിയിരുന്നു.

ലോകകപ്പില്‍ ബ്രസീലിന്റെ അരങ്ങേറ്റ മല്‍സരത്തോടനുബന്ധിച്ചാണ് ആരാധകര്‍ അര്‍ധരാത്രി ബിരിയാണി വിതരണം നടത്തിയത്. ബ്രസീല്‍ ഫാന്‍സ് അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ബിരിയാണി വിതരണം സോഷ്യല്‍മീഡിയ വഴി അറിഞ്ഞ് 2000ല്‍പരം പേരാണ് പാതിരാത്രിയും ഒഴുകിയെത്തിയത്. റിച്ചാലിസന്റെ മനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെ ബ്രസീല്‍ ഗോള്‍ നേടിയത് ബിരിയാണി കഴിച്ച് ആവേശത്തോടെ കളികാണാനിരുന്ന ആരാധകരുടെ ആഘോഷാരവം ഇരട്ടിയാക്കി.

ബ്രസീല്‍ മല്‍സരം കാണാന്‍ വരുന്നവര്‍ക്കെല്ലാം രാത്രി 11.30 മുതല്‍ 12.25 വരെ ബിരിയാണി വിതരണം ചെയ്യുമെന്നായിരുന്നു സോഷ്യല്‍ മീഡീയയില്‍ അറിയിപ്പ്. വണ്ടൂര്‍, നിലമ്ബൂര്‍, മക്കരപ്പറമ്ബ് എന്നിവിടങ്ങളില്‍ നിന്നുവരെ ആളുകളെത്തി. അര്‍ജന്റീന ഫാന്‍സ് അടക്കം മറ്റു ഫാന്‍സുകാരും ഫുട്‌ബോള്‍ പ്രേമികളും സഹകരിച്ചാണ് ഭക്ഷണവിതരണം നടത്തിയതെന്ന് ബ്രസീല്‍ ഫാന്‍സ് അംഗങ്ങള്‍ പറഞ്ഞു. 2800 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഡിസ്‌പോസിബിള്‍ പ്ലെയ്റ്റാണ് കരുതിയിരുന്നത്. രണ്ടും മൂന്നും പേര്‍ക്കു കഴിക്കാനുള്ളത് ഒരുമിച്ചും വിതരണം നടത്തി.

26 കി.ഗ്രാമിന്റെ ഏഴു ചാക്ക് അരിയിട്ടാണ് ബിരിയാണി വച്ചത്. ബ്രസീല്‍ മത്സരം 12.30ന് തുടങ്ങുമെന്നതിനാല്‍ 12.25ന് നിര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ ആളുകളുടെ തിരക്ക് കൂടിയതോടെ 12.45 വരെ വിതരണം നീണ്ടു. വിവിധ ഫാന്‍സുകാരും ഇഷ്ട ടീമുകളുടെ ജഴ്‌സിയണിഞ്ഞ് എത്തിയിരുന്നു. ക്ലബ് പ്രവര്‍ത്തകരും ബ്രസീല്‍ ഫാന്‍സ് അംഗങ്ങളുമായ നിഷാദ് ആലിക്കല്‍, ജസീല്‍, ഷരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് ബിരിയാണി വിതരണം നടത്തിയത്.

Related Posts

'ബ്രസീല്‍ ബിരിയാണി'; അര്‍ധരാത്രിയില്‍ പെരിന്തല്‍മണ്ണയില്‍ ഒഴുകിയെത്തിയത് 2000ലേറെ പേര്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.