Type Here to Get Search Results !

Bottom Ad

വിമാനയാത്രക്ക് ഇനി എയര്‍ സുവിധ വേണ്ട: ദുരിതം ഒഴിവായതിന്റെ ആശ്വാസത്തില്‍ പ്രവാസികള്‍


ദുബൈ: രണ്ടുവര്‍ഷമായി പ്രവാസികളെ വലച്ചിരുന്ന എയര്‍ സുവിധ എന്ന ദുരിതം ഒഴിവായതിന്റെ ആശ്വാസത്തില്‍ പ്രവാസികള്‍. പ്രവാസികള്‍ നിരന്തരമായി നല്‍കിയ നിവേദനങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് എയര്‍ സുവിധ പിന്‍വലിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. മാസ്‌കും പി.സി.ആര്‍ പരിശോധനയുമെല്ലാം ഒഴിവാക്കിയിട്ടും ഇന്ത്യയിലേക്കുള്ള വിദേശ യാത്രക്കാര്‍ എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.

വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കു പോകുന്നവര്‍ യാത്രക്കു മുമ്പ് ഡല്‍ഹി വിമാനത്താവളത്തിന്റെ വെബ്‌സൈറ്റില്‍ (എയര്‍ സുവിധ സൈറ്റ്) രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു നിബന്ധന. കോവിഡ് രൂക്ഷമായ സമയത്ത് യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാനാണ് ഈ നിബന്ധന ഏര്‍പ്പെടുത്തിയത്. വാക്‌സിനെടുക്കാത്തവര്‍ പി.സി.ആര്‍ ഫലവും ഇതോടൊപ്പം നല്‍കണമെന്ന് നിബന്ധനയുണ്ടായിരുന്നു.

എന്നാല്‍, രേഖകള്‍ സമര്‍പ്പിച്ചാലും അപ്രൂവല്‍ ലഭിക്കാത്തത് യാത്രക്കാരെ വലച്ചിരുന്നു. അടുത്ത ബന്ധുക്കള്‍ മരിച്ചിട്ടും എയര്‍ സുവിധയുടെ അനുമതി ലഭിക്കാത്തതിനാല്‍ കൃത്യസമയത്ത് നാട്ടിലെത്താന്‍ കഴിയാത്ത സംഭവങ്ങള്‍പോലുമുണ്ടായി. നേരത്തേ, അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലെത്തുന്നവര്‍ക്ക് എയര്‍ സുവിധ ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചെങ്കിലും പിന്നീട് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കി. പലരും വിമാനത്താവളത്തിലെത്തുമ്പോഴാണ് എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വിവരം അറിഞ്ഞിരുന്നത്. ഇത്തരക്കാര്‍ അധിക തുക നല്‍കി വിമാനത്താവളത്തില്‍ നിന്നുതന്നെ രജിസ്റ്റര്‍ ചെയ്ത് പ്രിന്റെടുത്തിരുന്നു. സാങ്കേതിക പരിജ്ഞാനമില്ലാത്ത പ്രായമായവരാണ് ഈ സംവിധാനം കൊണ്ട് ഏറ്റവുമധികം ബുദ്ധിമുട്ടിയിരുന്നത്. ഇവര്‍ അധിക പണം നല്‍കി ടൈപിങ് സെന്ററിലോ ട്രാവല്‍ ഏജന്‍സിയിലോ എത്തിയാണ് എയര്‍ സുവിധ പ്രിന്റെടുത്തിരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad