Wednesday, 5 October 2022

മറ്റൊരു ജാതിയില്‍ പെട്ട യുവാവിനൊപ്പം യുവതി ഒളിച്ചോടി; മാതാപിതാക്കളും സഹോദരനും ആത്മഹത്യ ചെയ്തു


മംഗളൂരു (www.evisionnews.in): കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍ ജില്ലയിലെ ഹന്ദിഗനാല ഗ്രാമത്തില്‍ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനൊപ്പം യുവതി ഒളിച്ചോടി. ഇതില്‍ മനംനൊന്ത് മാതാപിതാക്കളും സഹോദരനും ആത്മഹത്യ ചെയ്തു. ശ്രീരാമപ്പ (63), സരോജമ്മ (60), മനോജ് (24) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ശ്രീരാമപ്പ-സരോജമ്മ ദമ്പതികളുടെ മകള്‍ അര്‍ച്ചനയാണ് മറ്റൊരു ജാതിയില്‍പെട്ട യുവാവിനെ പ്രണയിക്കുകയും തുടര്‍ന്ന് ഒളിച്ചോടുകയും ചെയ്തത്. ഇതുസംബന്ധിച്ച് ശ്രീരാമപ്പ തിങ്കളാഴ്ച സിദ്‌ലഘട്ട റൂറല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അര്‍ച്ചന ഇതര ജാതിയില്‍പ്പെട്ട നാരായണസ്വാമിയുമായി പ്രണയത്തിലാണ്. എന്നാല്‍ ഈ ബന്ധത്തെ അര്‍ച്ചനയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതോടെ വിവാഹിതരാകാന്‍ ഇരുവരും ഒളിച്ചോടിയതാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ശ്രീരാമപ്പ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഒരു കുറിപ്പ് എഴുതിയിരുന്നു. തന്റെ മരണത്തിന് കാരണം മകളാണെന്നും തന്റെ സ്വത്തില്‍ നിന്ന് മകള്‍ക്ക് ഒന്നും ലഭിക്കരുതെന്നുമാണ് കുറിപ്പിലുള്ളത്. മൂത്തമകന്‍ രഞ്ജിത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് മാതാപിതാക്കളും സഹോദരന്‍ മനോജും ആത്മഹത്യ ചെയ്തത്. മനോജ് സഹോദരിക്ക് അയച്ച സന്ദേശവും പൊലീസ് കണ്ടെത്തി. 11 മണിക്ക് മുമ്പ് തിരികെ വരണമെന്ന് സഹോദരിയോട് മനോജ് അഭ്യര്‍ഥിച്ചിരുന്നു. അര്‍ച്ചന ഒളിച്ചോടിയതോടെ കുടുംബം മുഴുവന്‍ കടുത്ത മനോവിഷമത്തിലാണെന്നും രാത്രി 11 മണിക്ക് മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ ജീവനോടെ കാണില്ലെന്നും മനോജിന്റെ സന്ദേശത്തിലുണ്ടായിരുന്നു. എന്നാല്‍ രാത്രി 11 മണിക്ക് ശേഷവും അര്‍ച്ചന വരാതിരുന്നതോടെയാണ് കുടുംബാംഗങ്ങള്‍ ആത്മഹത്യ ചെയ്തത്.

Related Posts

മറ്റൊരു ജാതിയില്‍ പെട്ട യുവാവിനൊപ്പം യുവതി ഒളിച്ചോടി; മാതാപിതാക്കളും സഹോദരനും ആത്മഹത്യ ചെയ്തു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.