Sunday, 16 October 2022

ദയാബായിയുടെ സമരം; അടിയന്തരമായി ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം



തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം നല്‍കി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, സാമൂഹിക നീതി മന്ത്രി ഡോ. ആര്‍. ബിന്ദു എന്നിവരെ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു.

സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ദയാബായിയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് ആശുപത്രിയിലേക്കു മാറ്റിയത്. കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ദയാബായി നിരാഹാര സമരം നടത്തുകയാണ്. കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് ദയാബായിയുടെ പ്രധാനാവശ്യം. ജില്ലയില്‍ ആശുപത്രിസംവിധാനങ്ങള്‍ പരിമിതമാണ്.

ലോക്ഡൗണ്‍ കാലത്ത് അതിര്‍ത്തി അടച്ചതുകൊണ്ടുമാത്രം മതിയായ ചികിത്സകിട്ടാതെ ഇരുപതോളംപേരാണ് ജില്ലയില്‍ മരിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ക്യാമ്ബുകള്‍ അഞ്ചുവര്‍ഷമായി നടക്കുന്നില്ല. എന്നാല്‍ സമരത്തോട് പൂര്‍ണമായും മുഖംതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ജീവന്‍പോയാലും കുഴപ്പമില്ലെന്ന നിലപാടില്‍ പട്ടിണിസമരം തുടരുകയാണ് ദയാബായി. യുഡിഎഫ് നേതാക്കള്‍ മുതല്‍ മനുഷ്യാവകാശ സംഘടനകള്‍വരെ സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റു നടയില്‍ എത്തിയിരുന്നു.

Related Posts

ദയാബായിയുടെ സമരം; അടിയന്തരമായി ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.