Monday, 24 October 2022

മഞ്ചേശ്വരം വിദ്യാഭ്യാസ വികസന അധ്യായം മൈൽസ് - എന്റെ സ്കൂളിലേക്ക് ഉദ്ഘാടനം നാളെ


ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിന്റെ ജനകീയ വികസന പദ്ധതിയായ മഞ്ചേശ്വരം ഇനിഷ്യേറ്റീവ് ഫോർ ലോക്കൽ എംപവർമെന്റ് (MILES) ന്റെ ഭാഗമായുള്ള വിദ്യാഭ്യാസ വികസന അധ്യായം  മൈൽസ് - എന്റെ സ്കൂളിലേക്ക് പരിപാടി 

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഒക്ടോബർ 25 ന്  രാവിലെ 9 മണിക്ക് ജി വി എച്ച് എസ് എസ് മൊഗ്രാലിൽ വെച്ച്‌  ഉദ്ഘാടനം ചെയ്യും. 

ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ സന്ദർശിച്ച് പൊതു വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളോടും സംവദിച്ച് ജനകീയമായി തന്നെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാനുള്ള   പരിപാടിയാണ് എംഎൽഎ യുടെ എന്റെ സ്കൂളിലേക്ക് പരിപാടി.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സാക്ഷരത, സ്കൂൾ പ്രവേശനം, അരികുവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾ, മണ്ഡലത്തിലെ വിവിധ ഭൂപ്രദേശങ്ങളിലെ വിദ്യാർത്ഥികളെ മഞ്ചേശ്വരത്തെ വിദ്യാലയങ്ങളിൽ നിലനിർത്തൽ എന്നിവയിൽ അതിർത്തി പ്രദേശമെന്ന നിലയിൽ  ശ്രദ്ധ നൽകേണ്ടതുണ്ട്. ഇല്ലെങ്കിൽ 

സാമൂഹിക ജീവിതത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഓർമ്മകളുടെയും സിരാ കേന്ദ്രമായ

പൊതു വിദ്യാലയങ്ങൾ പുതിയ കാല വിദ്യാഭ്യാസ രീതിക്ക് അനുസൃതമായി സംരക്ഷിക്കപ്പെടാതെ പോകും. ഇത് കണക്കിലെടുത്താണ്  എന്റെ സ്കൂളിലേക്ക് പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. 

വിദ്യാഭ്യാസ മേഖലയിൽ ദീർഘകാല കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും പ്രശ്നങ്ങളെ വിശകലനം ചെയ്ത് പരിഹാര പ്രവർത്തനങ്ങൾ നിർദ്ദേശിക്കുന്നതിനും സൂക്ഷ്മതല വിലയിരുത്തൽ അനിവാര്യമാണ്. 

ഇതിനായി മൈൽസ് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വികസന കർമ്മ പദ്ധതി രൂപീകരണത്തിനായി ശില്പശാല നടത്തിയിരുന്നു. അതിന്റെ തുടർ നടപടിയെന്ന നിലയിലാണ് ജനപ്രതിനിധിയെന്ന നിലയിൽ നേരിട്ട് സ്കൂളുകൾ സന്ദർശിച്ച് സംവദിക്കാൻ എം എൽ എ തീരുമാനമെടുത്തത്.

വിദ്യാഭ്യാസ രംഗത്ത് ഇതര ജില്ലകളെ അപേക്ഷിച്ച് ഭാഷാപരമായും ഭൂമിശാസ്ത്രപരമായും മഞ്ചേശ്വരത്തിന്റെ  സവിശേഷതകളും പ്രശ്നങ്ങളുമുണ്ട്. അവസാനം രൂപം കൊണ്ട ജില്ലയിലെ അതിർത്തി ഗ്രാമങ്ങൾ, സപ്തഭാഷാ സംഗമഭൂമി, വ്യത്യസ്ത വിഭാഗം ജനങ്ങളുടെ അധിവാസ സ്ഥാനം, വിദ്യാഭ്യാസ ഹബ്ബായ മംഗ്ലൂരിന്റെ സ്വാധീനം, വർധിച്ചു വരുന്ന ലഹരി ഉപഭോഗ - റാഗിങ്ങ്  പ്രവണതകൾ എന്നിങ്ങനെ വൈവിധ്യങ്ങളും പ്രശ്നങ്ങളും കണക്കിലെടുത്ത് വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് മനസ്സിലാക്കാനും പ്രീ-പ്രൈമറി, പ്രൈമറി, സെക്കണ്ടറി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, സാങ്കേതിക വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ രംഗങ്ങളിലെ നിലവിലെ അവസ്ഥ ക്രിയാത്മകമായി പരിശോധിക്കാനും വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, സ്കൂൾ മോണിറ്ററിങ്ങ് കമ്മിറ്റി ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥി സംഘടന പ്രതിനിധികൾ, യുവജന കൂട്ടായ്മ പ്രതിനിധികൾ എന്നിവരുമായി സംവദിച്ച് 

ജനസൗഹൃദപരമായ വിദ്യാഭ്യാസ അന്തരീഷം ഉറപ്പു വരുത്താനും  പൊതു വിദ്യാലയങ്ങൾക്ക് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുമുള്ള പ്രോജക്ടുകൾക്ക് രൂപം നൽകാനും ഈ പരിപാടി ഉപകാരപ്പെടും.

Related Posts

മഞ്ചേശ്വരം വിദ്യാഭ്യാസ വികസന അധ്യായം മൈൽസ് - എന്റെ സ്കൂളിലേക്ക് ഉദ്ഘാടനം നാളെ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.