Type Here to Get Search Results !

Bottom Ad

യു.എസ് കേന്ദ്രബാങ്ക് നീക്കത്തില്‍ ഓഹരി വിപണി ആടിയുലയുന്നു; വരുംനാളുകളിലും ആശങ്ക


കൊച്ചി (www.evisionnews.in): സാമ്ബത്തിക മേഖലയിലെ മരവിപ്പ്‌ മുന്‍ നിര്‍ത്തി ധനകാര്യസ്ഥാപനങ്ങള്‍ മുന്‍ നിര രണ്ടാം നിര ഓഹരികളില്‍ ലാഭമെടുപ്പിനും വില്‍പ്പനയ്‌ക്കും കാണിച്ച തിടുക്കം വിപണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പിന്നിട്ടവാരം സെന്‍സെക്‌സ്‌ 1027 പോയിന്‍റ്റും നിഫ്‌റ്റി സൂചിക 302 പോയിന്‍റ്റും നഷ്‌ടത്തിലാണ്‌.

ആഭ്യന്തര വിദേശ ഫണ്ടുകള്‍ ചേര്‍ന്ന്‌ ഏകദേശം 9000 കോടി രൂപയുടെ ഓഹരികളാണ്‌ പോയവാരം വില്‍പ്പന നടത്തിയത്‌. ആഗോള തലത്തില്‍ ധനകാര്യസ്ഥാപനങ്ങള്‍ ബാധ്യതകള്‍ വിറ്റുമാറാന്‍ മത്സരിച്ചത്‌ യു എസ്‌-യുറോപ്യന്‍ മാര്‍ക്കറ്റുകളെ മാത്രമല്ല ഏഷ്യന്‍ ഓഹരി ഇന്‍ഡക്‌സുകളെയും പിടിച്ച്‌ ഉലച്ചു. അമേരിക്കന്‍ കേന്ദ്ര ബാങ്ക്‌ വീണ്ടും പലിശ വര്‍ധനയ്‌ക്ക്‌ ഒരുങ്ങിയതാണ്‌ നിക്ഷേപകരുടെ ഉറക്കം നഷ്‌ടപ്പെടുത്തുന്നത്‌.

മുന്‍ നിര ഓഹരികളായ ഇന്‍ഫോസിസ്‌, വിപ്രോ, എച്ച്‌.സി.എല്‍, ടി.സി.എസ്‌, ടെക്‌ മഹീന്ദ്ര, എച്ച്‌.യു.എല്‍, ഡോ: റെഡീസ്‌, സണ്‍ ഫാര്‍മ്മ, ആര്‍.ഐ.എല്‍, എച്ച്‌.ഡി.എഫ്‌.സി, എം ആന്‍റ്‌ എം തുടങ്ങിയവയ്‌ക്ക്‌ തിരിച്ചടി നേരിട്ടു. എസ്‌. ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ആര്‍.ഐ.എല്‍, ഇന്‍ഡസ്‌ ബാങ്ക്‌, ടാറ്റാ സ്‌റ്റീല്‍, മാരുതി, എയര്‍ടെല്‍ തുടങ്ങിയവയില്‍ നിക്ഷേപകര്‍ താല്‍പര്യം കാണിച്ചു.

ബോംബെ സെന്‍സെക്‌സ്‌ 59,793 പോയിന്റില്‍ നിന്നും തുടക്കത്തില്‍ 60,000 ലെ നിര്‍ണായക പ്രതിരോധം തകര്‍ത്ത്‌ 60,636 വരെ ഉയര്‍ന്നത്‌ ഒരു വിഭാഗം പ്രദേശിക ഇടപാടുകാരെ പുതിയ ബാധ്യതകള്‍ക്ക്‌ പ്രേരിപ്പിച്ചു. ഇതിനിടയില്‍ വിദേശ മാര്‍ക്കറ്റുകളിലെ തളര്‍ച്ച കണ്ട്‌ ഫണ്ടുകള്‍ മുന്‍ നിര ഓഹരികളില്‍ സൃഷ്‌ടിച്ച വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സൂചിക വെളളിയാഴ്‌ച്ച 58,687 ലേയ്‌ക്ക്‌ തളര്‍ന്ന ശേഷം വാരാന്ത്യ ക്ലോസിങില്‍ 58,766 പോയിന്റിണ്‌. ഈവാരം സൂചികയ്‌ക്ക്‌ 60,040-61,310 പോയിന്‍റ്റില്‍ പ്രതിരോധവും 58,100-57,500 ല്‍ താങ്ങും പ്രതീക്ഷിക്കാം.

നിഫ്‌റ്റി മുന്‍വാരത്തിലെ 17,833 ല്‍ നിന്നും ഒരു വേള 18,085 ലേയ്‌ക്ക്‌ ചിറക്‌ വിരിച്ചത്‌ നിക്ഷേപ തലത്തില്‍ വന്‍ സ്വാധീനം ചെലുത്തിയതോടെ 18,500 ലേയ്‌ക്ക്‌ സുചിക കുതിക്കുമെന്ന പ്രതീക്ഷകള്‍ക്കിടയിലാണ്‌ പ്രതികൂല വാര്‍ത്തകള്‍ വിപണിയെ കരടി വലയത്തിലാക്കിയത്‌. ഇതോടെ നിഫ്‌റ്റി 17,500 റേഞ്ചിലേയ്‌ക്ക്‌ ഇടിഞ്ഞങ്കിലും വാരാന്ത്യം 17,530 പോയിന്റിലാണ്‌. ഈ വാരം 17,330 ലെ ആദ്യ സപ്പോര്‍ട്ട്‌ നിലനിര്‍ത്തി 17,900 ലേയ്‌ക്ക്‌ ഉയരാനുള്ള ശ്രമം വിജയം കണ്ടാല്‍ അടുത്ത ചുവടുവെപ്പില്‍ വിപണി 18,050 നെ ഉറ്റ്‌നോക്കാം. അതേ സമയം ആദ്യ താങ്ങില്‍ പിടിച്ചു നില്‍ക്കാനായില്ലെങ്കില്‍ നിഫ്‌റ്റി 17,125 റേഞ്ചിലേയ്‌ക്ക്‌ സാങ്കേതിക പരീക്ഷണങ്ങള്‍ക്ക്‌ മുതിരാം.

ആഗോള വിപണി പിന്നിട്ട നാല്‌ മാസമായി വില്‍പ്പനക്കാരുടെ നിയന്ത്രണത്തില്‍ നീങ്ങുന്ന ക്രൂഡ്‌ ഓയില്‍ വില വാരാന്ത്യം ബാരലിന്‌ 85 ഡോളറിലാണ്‌. ഒരവസരത്തില്‍ എണ്ണ വില 90 ഡോളറിലേയ്‌ക്ക്‌ അടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ഉല്‍പാദന രാജ്യങ്ങള്‍ക്കിടയിലെ കിടമത്സരം വിലക്കയറ്റത്തെ തടഞ്ഞു. റഷ്യയും-സൗദിയും ഇന്ത്യയ്‌ക്ക്‌ ചരക്ക്‌ കൈമാറാന്‍ തടത്തുന്ന മത്സരം താഴ്‌ന്ന വിലയ്‌ക്ക്‌ ക്രൂഡ്‌ ശേഖരിക്കാന്‍ ചൈനയ്‌ക്കും, തുര്‍ക്കിക്കും അവസരം ഒരുക്കി.

ഡല്‍ഹിയും, ബീജിങും എണ്ണ കരുത്തല്‍ ശേഖരം സംബന്ധിച്ച്‌ പുതിയ വെളിപ്പെടുത്തലുകള്‍ക്ക്‌ തയ്യാറായിട്ടില്ലങ്കിലും ഇരു രാജ്യങ്ങളും കഴിഞ്ഞ ആറ്‌ മാസം ഉയര്‍ന്ന അളവില്‍ ക്രൂഡ്‌ ഓയില്‍ റഷ്യയില്‍ നിന്നും വാങ്ങി കൂട്ടി. വര്‍ഷാന്ത്യം വരെ എണ്ണ വിപണിയിലെ ഏതൊരു സംഭവ വികസത്തിന്‌ മുന്നിലും പതറാത്തെ പിടിച്ചു നില്‍ക്കാനാവശ്യമായ സ്‌റ്റോക്കുളളതിനാല്‍ വില ഉയര്‍ത്താനുള്ള ഒപ്പെക്ക്‌ നീക്കങ്ങള്‍ വിപണിയെ സ്വാധീനിക്കാനിടയില്ല.

യു എസ്‌ ഡോളര്‍ സൂചികയുടെ തിളക്കത്തിനിടയില്‍ രാജ്യന്തര വിപണിയില്‍ മഞ്ഞലോഹത്തിന്‌ തിളക്കം മങ്ങി. ട്രോയ്‌ ഔണ്‍സിന്‌ 1717 ഡോളറില്‍ ഇടപാടുകള്‍ നടന്ന സ്വര്‍ണത്തില്‍ അലയടിച്ച വില്‍പ്പന സമ്മര്‍ദ്ദം വിപണിയെ അടിമുടി ഉഴുതുമറിച്ചതോടെ നിരക്ക്‌ 1653 ഡോളറിലേയ്‌ക്ക്‌ ഇടിഞ്ഞങ്കിലും വാരാന്ത്യം 1675 ഡോളറിലാണ്‌.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad