Wednesday, 28 September 2022

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചു വിട്ടെന്ന് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍


കേരളം (www.evisionnews.in): നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചു വിട്ടതായി അറിയിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍ സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായും അബ്ദുല്‍ സത്താര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

‘പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ഥിക്കുന്നു’, പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശേഷം ഒളിവില്‍ പോയ സത്താറിനെ കരുനാഗപ്പള്ളിയിലെ പിഎഫ്ഐ സ്ഥാപനത്തില്‍നിന്ന് എന്‍ഐഎ പിടികൂടി. തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വുമണ്‍ ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍, റിഹേബ് ഫൗണ്ടേഷന്‍ എന്നിയ്ക്കാണ് നിരോധനം.

സെപ്തംബര്‍ 22, 27 തീയതികളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സംസ്ഥാന പൊലീസ് എന്നിവര്‍ രാജ്യത്തെ പിഎഫ്ഐ ഓഫീസുകളില്‍ വ്യാപകറെയ്ഡ് നടത്തിയിരുന്നു. ചൊവ്വാഴ്ച്ചത്തെ റെയ്ഡില്‍ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.

Related Posts

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചു വിട്ടെന്ന് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.