Type Here to Get Search Results !

Bottom Ad

നാക് റാങ്കിംഗില്‍ കേരള കേന്ദ്ര സര്‍വകലാശാലക്ക് എ ഗ്രേഡ്


കാസര്‍കോട് (www.evisionnews.in): നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ഗ്രേഡിങ്ങില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്ര നേട്ടം. കഴിഞ്ഞ തവണ ബി പ്ലസ് പ്ലസ് ഗ്രേഡിലായിരുന്ന സര്‍വ്വകലാശാല ഇത്തവണ എ ഗ്രേഡിലേക്ക് കുതിച്ചു. 2.76 പോയിന്റ് 3.14 ആയി ഉയര്‍ത്തിയാണ് ഈനേട്ടം. രണ്ടാമത്തെ നാക് വിലയിരുത്തലാണ് ഇത്തവണ നടന്നത്.

2016ലായിരുന്നു ആദ്യത്തേത്. കരിക്കുലര്‍ ആസ്പെക്ട്സ്, റിസര്‍ച്ച്-ഇന്നവേഷന്‍സ് ആന്റ് എക്സ്റ്റന്‍ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ലേണിംഗ് റിസോഴ്സസ്, ഗവേണന്‍സ്-ലീഡര്‍ഷിപ്പ് ആന്റ് മാനേജ്മെന്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ വാല്യൂസ് ആന്റ് ബെസ്റ്റ് പ്രാക്ടീസസ് എന്നീ മേഖലകളില്‍ പോയിന്റ് വര്‍ധിച്ചു.

ഈമാസം 21,22,23 തീയതികളിലാണ് നാക് പരിശോധന നടന്നത്. മിസോറാം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.ആര്‍.എസ്. സാംബശിവ റാവു ചെയര്‍മാനായ ആറംഗ സംഘമാണ് ഗ്രേഡ് നിര്‍ണയത്തിനായെത്തിയത്. വിവിധ മേഖലകളില്‍ സര്‍വ്വകലാശാല നടത്തുന്ന മുന്നേറ്റത്തെ സംഘം അഭിനന്ദിച്ചിരുന്നു. 2009ല്‍ സ്ഥാപിതമായ കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ എ ഗ്രേഡ് നേടാന്‍ സാധിച്ചുവെന്നത് പ്രധാനപ്പെട്ടതാണ്. വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള അനുമതി സര്‍വ്വകലാശാലക്ക് ലഭിക്കും. വിദേശ സര്‍വ്വകലാശാലകളുമായി ധാരണാപത്രം ഒപ്പിടുന്നതിനും സഹകരിച്ച് പ്രവര്‍ത്തിക്കുവാനും സാധിക്കും. യുജിസിയുടെ സാമ്പത്തിക സഹായത്തിലും വര്‍ദ്ധനവുണ്ടാകും.

നാക് ഗ്രേഡിങ്ങില്‍ മുന്നേറ്റം ലക്ഷ്യമിട്ട് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലുവിന്റെ നേതൃത്വത്തില്‍ വലിയ മുന്നൊരുക്കം സര്‍വ്വകലാശാല നടത്തിയിരുന്നു. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഗ്രേഡിങ്ങിലെ മുന്നേറ്റമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. അധ്യാപകരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തിലേക്ക് കേരള കേന്ദ്ര സര്‍വ്വകലാശാല ഉയര്‍ന്നുവെന്നതിന്റെ സൂചനയാണിത്. രണ്ടാമത്തെ നാക് വിലയിരുത്തലില്‍ തന്നെ എ ഗ്രേഡിലെത്തുക എന്നത് പ്രധാന നേട്ടമാണ്. ഇനിയും മുന്നോട്ടുപോകാനുണ്ട്. ഇതിനുള്ള ശ്രമങ്ങള്‍ സര്‍വകലാശാല നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad