Type Here to Get Search Results !

Bottom Ad

പെഗാസസ്: സുപ്രീംകോടതി രൂപവത്കരിച്ച സമിതി അന്തിമ റിപ്പോര്‍ട്ട് കൈമാറി

ന്യൂഡല്‍ഹി: പെഗാസസ് ഫോൺ ചോർത്തൽ കേസ് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ.വി രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സമിതി അന്തിമറിപ്പോർട്ട് സമർപ്പിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് കോടതിക്ക് കൈമാറിയത്. ചീഫ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് ഓഗസ്റ്റ് 12ന് റിപ്പോർട്ട് പരിഗണിച്ചേക്കും. അന്വേഷണത്തിന്‍റെ ഭാഗമായി മാധ്യമപ്രവർത്തകരായ എൻ റാം, സിദ്ധാർത്ഥ് വരദരാജൻ, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുൾപ്പെടെ ഒരു ഡസനിലധികം പേരുടെ മൊഴിയാണ് ജസ്റ്റിസ് രവീന്ദ്രൻ അധ്യക്ഷനായ സമിതി രേഖപ്പെടുത്തിയത്. കൂടാതെ, ചോര്‍ത്തപ്പെട്ട ഫോണുകളിൽ ചിലത് സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കി. ചോര്‍ത്തപ്പെട്ട ഫോണുകളുടെ ഡിജിറ്റൽ ഫോറൻസിക് പരിശോധനയുടെ ഫലം അന്തിമ റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. റിപ്പോർട്ടിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ കമ്മിറ്റി അംഗങ്ങൾ വിസമ്മതിച്ചു. അന്വേഷണം പൂർത്തിയാക്കാൻ സമിതിക്ക് നേരത്തെ നൽകിയിരുന്ന സമയപരിധി മെയ് 20 ആയിരുന്നു. എന്നാൽ സമിതി ആവശ്യപ്പെട്ടതിനെ തുടർന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി ജൂൺ 20 വരെ നീട്ടുകയായിരുന്നു. ചീഫ് ജസ്റ്റിസ് എൻ.വി രമണയെ കൂടാതെ ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമ കോഹ്ലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

Post a Comment

0 Comments

Top Post Ad

Below Post Ad