Type Here to Get Search Results !

Bottom Ad

പകർപ്പവകാശ നിയമം കർശനമാക്കാൻ സൗദി

റിയാദ്: സൗദി അറേബ്യയിലെ പകർപ്പവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാക്കുന്നു. ഇതിന്‍റെ ഭാഗമായി ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറാ മന്ത്രിസഭ അംഗീകരിച്ച പകർപ്പവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ചട്ടങ്ങളും പുറത്തിറക്കി. 31 ആര്‍ട്ടിക്കിളുകളാണ് ഇതിലുള്ളത്. പകർപ്പവകാശവുമായി ബന്ധപ്പെട്ട നിയമങ്ങൾ, ലൈസൻസ് ലഭിക്കുന്നതിനുള്ള രീതികൾ, നിയമലംഘകർക്കുള്ള ശിക്ഷ എന്നിവ ഗസറ്റിൽ വിശദമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യാജമോ പകര്‍ത്തിയതോ ആയ കമ്പ്യൂട്ടർ പ്രോഗ്രാമുകളോ ഓഡിയോ-വീഡിയോ ടേപ്പുകളോ സൂക്ഷിക്കുന്നത് പകർപ്പവകാശ ലംഘനത്തിന്‍റെ പരിധിയിൽ വരും. വ്യാജമോ പകര്‍ത്തിയതോ ആയ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയും നിയമലംഘനമായി കണക്കാക്കും. ഇത്തരം കുറ്റകൃത്യങ്ങള്‍ ഏതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാര്‍ ചെയ്താല്‍ സ്ഥാപനമേധാവികളുടെ അറിവും സമ്മതവും ഇതിനുണ്ടെന്ന് ബോധ്യമായാല്‍ സ്ഥാപനങ്ങള്‍ ഉത്തരവാദികളാവും. പകര്‍പ്പവകാശ നിയമത്തിലൂടെ സംരക്ഷിതമായ സൃഷ്ടികള്‍ പുനര്‍നിര്‍മിക്കുക, വില്‍ക്കുക, ഇറക്കുമതി ചെയ്യുക, വിതരണം ചെയ്യുക, കൈമാറ്റം ചെയ്യുക, പ്രസിദ്ധീകരിക്കുക, വാടകക്കെടുക്കുക തുടങ്ങിയവയെല്ലാം പകര്‍പ്പവകാശ നിയമലംഘനമാവും. സാഹിത്യ കൃതികളുടെ ചോരണം സംബന്ധിച്ച നിയമവും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഡിസ്‌പ്ലേ സംവിധാനം നല്‍കുന്ന സ്ഥാപനങ്ങള്‍, അവയുടെ ഉപകരണങ്ങള്‍ ഡീകോഡ് ചെയ്തതോ വ്യാജ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചോ പ്രവര്‍ത്തിച്ചാലും നിയമലംഘനമായി കണക്കാക്കും. സംരക്ഷിതമായ ബൗദ്ധിക സൃഷ്ടികള്‍ വ്യക്തിപരമായ ആവശ്യത്തിനായി ഉപയോഗിക്കുന്നതും വ്യാവസായികമായി ഉപയോഗിക്കുന്നതും തമ്മിലുള്ള വ്യത്യാസവും ഗസറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad