Type Here to Get Search Results !

Bottom Ad

അന്താരാഷ്ട്ര നിലവാരത്തിലൊരു വഴിയോര വിശ്രമകേന്ദ്രം: സംസ്ഥാനത്തെ ആദ്യ 'റെസ്റ്റ് സ്റ്റോപ്പ്' മഞ്ചേശ്വരത്ത്


കാസര്‍കോട് (www.evisionnews.in): അന്താരാഷ്ട്ര നിലവാരത്തിലുള്ള വഴിയോര വിശ്രമകേന്ദ്രം റെസ്റ്റ് സ്റ്റോപ്പ് മഞ്ചേശ്വരത്ത് സ്ഥാപിക്കുന്നതിന് നടപടികള്‍ തുടങ്ങി. സര്‍ക്കാരിന്റെ ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ (ഒ.കെ.ഐ.എച്ച്) ആദ്യ സംരംഭമാണ് 'റെസ്റ്റ് സ്റ്റോപ്പ്'. സംസ്ഥാനത്ത് ആദ്യമായി മഞ്ചേശ്വരത്താണ് റെസ്റ്റ് സ്റ്റോപ്പ് സ്ഥാപിക്കുന്നത്.

ദേശീയ പാത കടന്നുപോകുന്ന കേരളത്തിലെ 30 മേഖലകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വഴിയോര സൗകര്യ കേന്ദ്രങ്ങളുടെ ശൃംഖല സൃഷ്ടിക്കുകയാണ് ഒ.കെ.ഐ.എച്ചിന്റെ പദ്ധതി. റെസ്റ്റോറന്റുകള്‍, ഫുഡ് കോര്‍ട്ട് ഔട്ട്ലെറ്റുകള്‍, കണ്‍വീനിയന്‍സ് സ്റ്റോര്‍, ക്ലിനിക്ക്, ഇന്ധന സ്റ്റേഷന്‍, വാഹന അറ്റകുറ്റപ്പണി സൗകര്യങ്ങള്‍, കാരവന്‍ പാര്‍ക്കിംഗ്, ഉയര്‍ന്ന നിലവാരത്തിലുള്ള ടോയ്ലറ്റ് ബ്ലോക്കുകള്‍, മോട്ടല്‍ മുറികള്‍, ട്രാവലേഴ്സ് ലോഞ്ച്, കോണ്‍ഫറന്‍സ്, മീറ്റിംഗ് എന്നിവയുള്‍പ്പെടെ ഓരോ സ്ഥലത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ഓരോ റെസ്റ്റ്സ്റ്റോപ്പിലും ഉണ്ടായിരിക്കും. ഓരോ റെസ്റ്റ് സ്റ്റോപ്പിനും അനുയോജ്യമായ പ്രാദേശിക ആവശ്യങ്ങളും മറ്റു നിര്‍ദേശങ്ങളും ജില്ലാതലത്തില്‍ പരിഗണിക്കും.

റെസ്റ്റ് സ്റ്റോപ്പിനായി മഞ്ചേശ്വരത്ത് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പദ്ധതിയുടെ പ്രാരംഭഘട്ടം ആരംഭിക്കും. വഴിയോര സൗകര്യങ്ങളുടെ ഒരു ശൃംഖലയായി കേരളത്തില്‍ റെസ്റ്റ് സ്റ്റോപ്പ് മാറും. ആഗോള നിലവാരത്തിനൊപ്പം കിടപിടിക്കുന്ന റെസ്റ്റ് സ്റ്റോപ്പ് റോഡ് മാര്‍ഗമുള്ള യാത്ര സുരക്ഷിതവും ആനന്ദകരവുമാക്കും. പ്രവാസി മലയാളികള്‍ക്ക് ലാഭകരമായി നിക്ഷേപിക്കാനും മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് അവരുടെ കഴിവുകളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താനുമുള്ള സാധ്യതകളാണ് റെസ്റ്റ് സ്റ്റോപ്പ് തുറന്നിടുന്നത്.







Post a Comment

0 Comments

Top Post Ad

Below Post Ad