Type Here to Get Search Results !

Bottom Ad

ജനത്തെ പറ്റിച്ച് ഉജ്വല യോജന; ഒറ്റരൂപ കേന്ദ്രം കൊടുത്തില്ല


ദേശീയം (www.evisionnews.in): രണ്ടു വര്‍ഷത്തിനിടെ രാജ്യത്ത് പാചക വാതക സബ്‌സിഡി ഇനത്തില്‍ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ സമ്മതിച്ചു. ബിജെപി രാജ്യത്താകെ കൊട്ടിഘോഷിക്കുന്ന പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് 2021-22ല്‍ ഒരു രൂപയും കേന്ദ്രം നല്‍കിയില്ല. എ എ റഹിമിന് രാജ്യസഭയില്‍ പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

എല്‍പിജി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച സബ്‌സിഡി തുക 2019--20ല്‍ മൊത്തം 22,726 കോടി രൂപ ആയിരുന്നത് 2021--22ല്‍ വെറും 242 കോടിയായി. ഉജ്വല യോജന വഴിയുള്ള സബ്‌സിഡി 2019--20ല്‍ 1,446 കോടി രൂപ. 2020--21ല്‍ ഇത് 76 കോടിയായി. 2021--22ല് പദ്ധതിക്ക് ഒരുരൂപയും നല്‍കിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയുടെ പരസ്യത്തിന് മാത്രം കോടിക്കണക്കിന് രൂപയാണ് കേന്ദ്രം ചെലവഴിച്ചതെന്ന് എ എ റഹിം പറഞ്ഞു. ഉജ്വസ യോജനയുടെ പേരിലാണ് ബിജെപി പെട്രോള്‍- ഡീസല്‍ വിലവര്‍ധനയെ ന്യായീകരിക്കുന്നത്. സബ്‌സിഡി ഇല്ലാതാക്കി ജനങ്ങളെ ചൂഷണത്തിന് വിട്ടുകൊടുത്ത് സര്‍ക്കാര്‍ കാഴ്ചക്കാരായെന്നും റഹീം പറഞ്ഞു.

സഭയില്‍ പ്രതിഷേധമിരമ്പി വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷപ്രതിഷേധം തുടരുന്നു. ഇരുസഭയും പലവട്ടം നിര്‍ത്തിവച്ചു. ലോക്‌സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയെന്ന പേരില്‍ നാല് കോണ്‍ഗ്രസ് എംപിമാരെ ഈ സഭാകാലയളവിലേക്ക് സസ്‌പെന്റ് ചെയ്തു. മാണിക്കം ടാഗോര്‍, ജോതിമണി, ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് എന്നിവരാണ് ആഗസ്ത് 12 വരെ സസ്‌പെന്‍ഷനിലായത്.

വിലക്കയറ്റത്തില്‍ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയ പ്രതിപക്ഷഅംഗങ്ങളെ സ്പീക്കര്‍ ഓം ബിര്‍ല ശാസിച്ചു. സഭ മൂന്നിന് വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിഷേധം ആവര്‍ത്തിച്ചു. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സ്പീക്കറോട് അഭ്യര്‍ഥിച്ചു. സ്പീക്കറുടെ പ്രഖ്യാപനം വന്നതോടെ നാല് എംപിമാരും പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. രാജ്യസഭയില്‍ പ്രതിഷേധം ശക്തമായി തുടരവെ വിനാശായുധ ഭേദഗതി ബില്‍ ചര്‍ച്ചയ്‌ക്കെടുത്തു. ബഹളത്തിനിടെ ബിജെപി അംഗങ്ങള്‍മാത്രം സംസാരിച്ചു. ബില്‍ പാസാക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad