Type Here to Get Search Results !

Bottom Ad

ദേശീയപാത വികസനം: ആവശ്യമായ മേഖലകളില്‍ മേല്‍പ്പാലം, അടിപ്പാതകള്‍ അനുവദിക്കണം: കാസര്‍കോട് നഗരസഭയില്‍ പ്രമേയം


കാസര്‍കോട് (www.evisionnews.in): ദേശീയപാതാ 66 വികസനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള സംശയങ്ങളും ആശങ്കകളും പരിഹരിച്ചും നഗരസഭയിലെ അത്യാവശ്യ മേഖലകളില്‍ ഫ്‌ലൈ ഓവര്‍ ബ്രിഡ്ജ്, വാഹന- കാല്‍നട അടിപ്പാതകള്‍ അനുവദിച്ചും മാത്രമേ പ്രവൃത്തികളുമായി മുന്നോട്ടു പോകാന്‍ പാടുള്ളൂ എന്നാവശ്യപ്പെട്ട് കാസര്‍കോട് നഗരസഭയില്‍ പ്രമേയം പാസാക്കി. മുസ്ലിം ലീഗ് അംഗം സഹീര്‍ ആസിഫാണ് പ്രമേയം അവതരിപ്പിച്ചത്.

ദേശീയപാത വികസന പ്രവൃത്തി നടന്നുവരുന്ന തലപ്പാടി- ചെങ്കള റീച്ചിലെ ഏറ്റവും കൂടുതല്‍ ജനബാഹുല്യമേറിയതും വാഹന ഗതാഗത തിരക്കുള്ളതുമായ പ്രദേശമാണ് കാസര്‍കോട് നഗരസഭ മേഖല. പ്രവൃത്തി പൂര്‍ത്തിയായാല്‍ കാസര്‍കോട് ഗവ. കോളേജ്, മുനിസിപ്പല്‍ ജി.യു.പി.എസ് അടുക്കത്ത്ബയല്‍ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, കേന്ദ്ര- കേരള സര്‍ക്കാര്‍ ഓഫീസുകളും, മുനിസിപ്പല്‍ സ്റ്റേഡിയം, സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വന്മതില്‍ കെട്ടി കാല്‍നട പോലും അസാധ്യമാക്കി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന രീതിയിലാണ് ദേശീയപാത നിര്‍മാണം നടന്നു വരുന്നത്.

അശാസ്ത്രീയമായ അലൈന്‍മെന്റ് മൂലവും പദ്ധതി നടപ്പിലാക്കുമ്പോള്‍ പ്രദേശത്തെ എം.പി, എം.എല്‍.എ, തദ്ദേശസ്ഥാപനങ്ങളുടെ മേധാവികളുമായി ചര്‍ച്ച ചെയ്യാത്തതുമാണ് ജനങ്ങള്‍ക്ക് ഈ ദുരിതം ഉണ്ടായത്. തെറ്റായ അലൈന്‍മെന്റില്‍ മാറ്റം വരുത്തി ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്ന വിധം വിദ്യാനഗര്‍ ഗവ. കോളജ് മുതല്‍ നായന്മാര്‍മൂല വരെ ഫ്‌ളൈ ഓവറും അണങ്കൂര്‍ ജംഗ്ഷനിലും അടുക്കത്ത്ബയല്‍ സ്‌കൂളിന്റെ മുന്‍വശത്തും അടിപ്പാതയും ഫ്‌ളൈഓവര്‍ ഇല്ലാത്ത പ്രദേശത്ത് ബസ്സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ഛ് പെഡസ്ട്രയിന്‍ അടിപ്പാതയും നിര്‍മിക്കണമെന്ന് പ്രമേയത്തിലൂടെ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ ഇഖ്ബാല്‍ ബാങ്കോട് പ്രമേയത്തെ പിന്താങ്ങി. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad