Friday, 10 June 2022

തെരുവു കച്ചവടക്കാരുടെ പുനരധിവാസം: തെറ്റിദ്ധാരണ പരത്തി ബസുടമകള്‍ എതിര്‍ക്കുന്നു




കാസര്‍കോട് (www.evisionnews.in): ദേശീയ നഗര ഉപജീവന ദൗത്യം തെരുവു കച്ചവടക്കാരുടെ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ചന്ത നിര്‍മാണം ആരംഭിച്ചതിനെതിര ബസുടമകളുടെ പ്രതിഷേധവും മിന്നല്‍ പണിമുടക്കും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വേണ്ടിയാണെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ പറഞ്ഞു. പദ്ധതിക്ക് 2018ല്‍ ഭരണാനുമതിയും 2019ല്‍ സാങ്കേതികാനുമതിയും ലഭിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതാണ്.

പദ്ധതി നിര്‍വഹണം നടത്തുന്നതിന് നടപടി സ്വീകരിച്ചപ്പോള്‍ ബസ്സുടമകള്‍ പരാതിയുമായി മുന്നോട്ടു വരികയും പലതവണ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ സാന്നിധ്യത്തിലും ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രസ്തുത ചര്‍ച്ചയില്‍ ബസ്സുടമകള്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് നിലവിലുള്ള പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തി പദ്ധതി നടപ്പിലാക്കാന്‍ സമ്മതിച്ചതിന് ശേഷം വീണ്ടും തടസ്സ വാദങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തത്. കൂടാതെ ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ബസ്സുടമകള്‍ വീണ്ടും പരാതി സമര്‍പ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ നഗരസഭാ അധികൃതരുടെയും ബസ്സുടമകളുടെയും സാന്നിദ്ധ്യത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദിഷ്ട പ്ലാന്‍ കാണുകയും ചെയ്തിരുന്നു.

കളക്ടറുടെ നിര്‍ദ്ദേശാനുസരണം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, എഞ്ചിനീയര്‍, ബസ് ഓണേര്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) എന്നിവരുടെ യോഗം ചേരുകയും യോഗത്തിന്റെ തീരുമാനം അനുസരിച്ച് 24-02-2022ന് ബസ് സ്റ്റാന്റിന്റെ വശത്തുള്ള സ്ഥലത്ത് പദ്ധതിയുടെ പകുതി ഭാഗത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് ഉത്തരവ് ഇറക്കുകയും ചെയ്തു. തെരുവു കച്ചവടക്കാരുടെ പുനരധിവാസം നടപ്പിലാക്കാത്ത സാഹചര്യത്തില്‍ നഗരത്തിന്റെ ഹൃദയഭാഗമായ എം.ജി റോഡില്‍ അനിയന്ത്രിതമായി കാല്‍നട യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസമുണ്ടാക്കുന്ന രീതിയില്‍ തെരുവ് കച്ചവടം നടന്നു വരികയാണ്.

കൂടാതെ സര്‍ക്കാറിന്റെ നിര്‍ദ്ദേശവും കോടതി വിധിയും നടപ്പിലാക്കാന്‍ നഗരസഭ ഭരണസമിതി ബാധ്യസ്ഥരുമാണ്. പുനരധിവാസത്തിന് അനുയോജ്യമായ മറ്റൊരു സ്ഥലം നഗരപ്രദേശത്ത് ലഭ്യമല്ലാത്തതും പദ്ധതി നടപ്പിലാക്കുന്നതിന് പ്രയാസം നേരിടുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്തുതന്നെ പദ്ധതി നടപ്പിലാക്കാന്‍ ഭരണസമിതി നടപടികള്‍ സ്വീകരിച്ചു വരുന്നത്. പദ്ധതിക്കെതിരായ പ്രതിഷേധങ്ങളും സമരങ്ങളും നഗരത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുമെന്നും പൊതു താല്‍പര്യം കണക്കിലെടുത്ത് പദ്ധതിയുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.

Related Posts

തെരുവു കച്ചവടക്കാരുടെ പുനരധിവാസം: തെറ്റിദ്ധാരണ പരത്തി ബസുടമകള്‍ എതിര്‍ക്കുന്നു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.